ഈഗിള്‍ ഐ':കേന്ദ്രസര്‍ക്കാർ ആന്റി ഡ്രോണ്‍ സംവിധാനത്തിന് അംഗീകാരം നൽകി,

തിരുവനന്തപുരം : കേരള പോലീസിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച 'ഈഗിള്‍ ഐ' എന്ന ആന്റി ഡ്രോണ്‍ സംവിധാനത്തിന് കേന്ദ്രസര്‍ക്കാർ അംഗീകാരം നൽകി.

തന്ത്രപ്രധാന- നിരോധിത മേഖലകളില്‍ റഡാറിന്റെ കണ്ണില്‍പ്പെടാതെ താഴ്ന്ന് പറക്കുന്ന ഡ്രോണുകളില്‍ നിന്നുള്ള സുരക്ഷാഭീഷണി നേരിടാനും, ശത്രുഡ്രോണുകളെ കണ്ടെത്തി അവ നിര്‍വീര്യമാക്കാനുമുള്ള ആന്റി ഡ്രോണ്‍ സംവിധാനമാണ് ഈഗിള്‍ ഐ എന്ന പേരിൽ അറിയപ്പെടുന്നത്.

ഡ്രോണുകളില്‍ നിന്നുള്ള റേഡിയോ തരംഗങ്ങള്‍ കണ്ടെത്തിയതിനു ശേഷം, അവയുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുകയും ഡ്രോണുകള്‍ നിലത്തിറക്കാനുള്ള പ്രതിരോധ സംവിധാനവുമാണ് ഇവയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. തിരുവനന്തപുരം ഡ്രോണ്‍ റിസര്‍ച്ച്‌ സെന്ററിലാണ് ഈഗിള്‍-ഐ വികസിപ്പിച്ചെടുത്തത്. അതീവ സുരക്ഷ ഉറപ്പുവരുത്തുന്നതിനാല്‍, വിഐപികള്‍ പങ്കെടുക്കുന്ന പരിപാടികളില്‍ ഇവ വിന്യസിക്കുന്നതാണ്. മൊബൈലിലെ ഐഎംഇഐ പോലെ ഡ്രോണിനും തിരിച്ചറിയല്‍ നമ്പര്‍ നല്‍കിയിട്ടുണ്ട്. അതിനാല്‍, എവിടെയാണ് നിര്‍മ്മിച്ചതെന്നും, ഉടമസ്ഥന്‍ ആരാണെന്നും അറിയാന്‍ സാധിക്കുന്ന തരത്തിലുള്ളതാണ് ഇത്.