ഇന്ന് ലോക മാതൃദിനം; അറിയാം ചരിത്രവും പ്രാധാന്യവും

ഇന്ന് ലോകമാതൃദിനം. അമ്മമാരെ ഓര്‍മിക്കാനോ സ്‌നേഹിക്കാനോ വേണ്ടി ഒരു പ്രത്യേക ദിനത്തിന്റെ ആവശ്യമില്ലെങ്കിലും ലോകമെമ്പാടുമുള്ളവര്‍ മെയ് 14 അന്താരാഷ്ട്ര മാതൃദിനമായി ആഘോഷിക്കുന്നു. അമ്മമാരുടെ നിരുപാധികമായ സ്‌നേഹത്തെ ആദരിക്കാനും ആഘോഷിക്കാനും ഈ ദിവസം പ്രയോജനപ്പെടുത്തുന്നു.

തീയതി

പല രാജ്യങ്ങളിലും എല്ലാ വര്‍ഷവും മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് മാതൃദിനം ആഘോഷിക്കുന്നത്. ഈ വര്‍ഷം മെയ് 14നാണ് മാതൃദിനം.

ചരിത്രം

പുരാതന കാലത്ത്, ഗ്രീക്കുകാരും റോമാക്കാരും റിയ, സൈബെലെ തുടങ്ങിയ മാതൃദേവതകളെ ആരാധിക്കുന്ന ഉത്സവങ്ങള്‍ നടത്താറുണ്ടായിരുന്നു. മാതൃത്വത്തിനുവേണ്ടി സമര്‍പ്പിക്കുന്നതായിരുന്നു ഈ ആഘോഷങ്ങള്‍. ജൂലിയ വാര്‍ഡ് ഹോവ് ആണ് ഈ ആഘോഷങ്ങളുടെ ചുവടുപിടിച്ച് മാതൃദിനം ആഘോഷിക്കണമെന്ന് പ്രഖ്യാപിച്ചതും സമാധാനത്തിനായി സ്ത്രീകള്‍ ഒന്നിക്കാന്‍ ആഹ്വാനം ചെയ്തതും.

അമേരിക്കന്‍ സാമൂഹിക പ്രവര്‍ത്തകയായ അന്ന ജാര്‍വിസാണ് ആധുനിക മാതൃദിനം ആഘോഷിക്കുന്നതിന് തുടക്കമിട്ടത്. 1905ല്‍ സ്വന്തം അമ്മയുടെ മരണശേഷം അമ്മമാരെ ആദരിക്കുന്നതിനായി ഒരു ദേശീയ അവധി ദിനം വേണമെന്നാവശ്യപ്പെട്ട് അവര്‍ കാമ്പെയ്‌നുകള്‍ നടത്തിത്തുടങ്ങി. വ്യക്തികള്‍ക്ക് അവരുടെ അമ്മമാരോട് അവരുടെ സ്‌നേഹവും നന്ദിയും പ്രകടിപ്പിക്കാന്‍ ഒരു ദിവസം വേണമെന്നായിരുന്നു അന്ന ജാര്‍വിസിന്റെ വാദം. അങ്ങനെ 1914ല്‍ എല്ലാ മെയ് മാസത്തിലെയും രണ്ടാമത്തെ ഞായറാഴ്ച മാതൃദിനമായി ആഘോഷിക്കണമെന്നുള്ള പ്രഖ്യാപനത്തില്‍ പ്രസിഡന്റ് വുഡ്രോ വില്‍സണ്‍ ഒപ്പുവച്ചു. അതിനുശേഷമാണ് ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങള്‍ മാതൃദിനം ആഘോഷിച്ചുതുടങ്ങിയത്.പ്രാധാന്യം

അമ്മമാരോടും അവരുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും ത്യാഗത്തിനും അഭിനന്ദനവും നന്ദിയും പ്രകടിപ്പിക്കുക എന്നതാണ് മാതൃദിനത്തിലൂടെ ഉദ്ദേശിക്കുന്നത്.