അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയ, സംരക്ഷിത സ്മാരകമായ പുനലൂർ തൂക്കുപാലം സഞ്ചാരികള്‍ക്കായി ഇന്ന് തുറന്നു .

രാജ്യത്തെ പഴക്കമുള്ള രണ്ടാമത്തേതും കിഴക്കന്‍ മേഖലയിലെ പ്രധാന കാഴ്ച കേന്ദ്രവുമായ തൂക്കുപാലം നവീകരണം 2022 നവംബറിലാണ് ആരംഭിച്ചത്. സംസ്ഥാന പുരാവസ്തു വകുപ്പിന്‍റെ ചുമതലയിലുള്ള ഈ പാലം 28 ലക്ഷം രൂപ മുടക്കിയാണ് ആകര്‍ഷണീയമാക്കിയത്.

അഞ്ച് വര്‍ഷം മുമ്പ് നവീകരണം നടത്തിയശേഷമുണ്ടായ കേടുപാടുകള്‍ തീര്‍ത്തു. പാലത്തിന്റെ ഉപരിതലത്തില്‍ പാകിയിരുന്ന കമ്പക പലകളില്‍ കേടുപാടുകള്‍ വന്നത് മാറ്റി സ്ഥാപിച്ച്‌ കശുവണ്ടി ഓയില്‍ അടിച്ച്‌ ബലവത്താക്കി. ചങ്ങലകളിലെയും ഗര്‍ഡറുകളിലെയും തുരുമ്പ് നീക്കി പച്ചച്ചായം പൂശി.

ചങ്ങലകള്‍ ബന്ധിപ്പിച്ചിരിക്കുന്ന ഇരുവശത്തുമുള്ള കിണറുകളും വൃത്തിയാക്കി. ഇടിഞ്ഞുകിടന്ന വശങ്ങളിലെ കരിങ്കല്‍കെട്ടുകളും പുനര്‍നിര്‍മ്മിച്ചു. ആര്‍ച്ചുകളിലെ പാഴ്മരങ്ങള്‍ നീക്കി. സഞ്ചാരികള്‍ക്ക് കുടുതല്‍ ഇരിപ്പിടങ്ങളും സജ്ജീകരിച്ചു. കൂടുതല്‍ സൗന്ദര്യവത്കരിക്കുന്നതിന്‍റെ ഭാഗമായി ലൈറ്റിങ്, ഗാര്‍ഡന്‍ തുടങ്ങിയവ ഇനി സ്ഥാപിക്കേണ്ടതുണ്ട്.
പുനലൂര്‍ ടൗണിലൂടെയുള്ള കല്ലടയാറിന് കുറുകെ 1877ല്‍ സ്കോട്ട്ലന്‍ഡുകാരനായ ബാര്‍ട്ടര്‍ ധ്വര എന്ന ആല്‍ബര്‍ട്ട് ഹെന്‍ റി യുടെ മേല്‍നോട്ടത്തിലാണ് തൂക്കുപാലം നിര്‍മ്മിച്ചത്. ദേശീയപാതയും പട്ടണത്തിലെ വലിയ പാലവും വരുന്നതിന് മുമ്പ് കിഴക്കന്‍ മലയോരമേഖലയെ ആറ്റിന് മറുകരയിലുള്ള പ്രദേശവുമായി ബന്ധിപ്പിച്ചിരുന്നത് തൂക്കുപാലമായിരുന്നു.