ഇന്നലെ വൈകിട്ട് നാല് മണിക്കാണ് സംഭവം. ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച വിദ്യാര്‍ഥികളാണ് അക്രമത്തിനിരയായത്. സ്വാമിമുക്കിൽ നിന്നും മുകുന്നേരി ഭാഗത്തേക്ക് സഞ്ചരിച്ച യുവാക്കളെ ബൈക്കിൽ പിന്തുടര്‍ന്നെത്തി സജുകുമാറും സുഹൃത്തും ചവിട്ടി വീഴ്ത്തുകയായിരുന്നു. താഴെ വീണവരെ സജുകുമാര്‍ വടിവാളുകൊണ്ട് വെട്ടാൻ ശ്രമിച്ചു. കുതറിമാറിയ യുവാക്കൾ ബൈക്കുപേക്ഷിച്ച് ഓടി രക്ഷപെടുകയാണ് ചെയ്തത്.
പിന്നാലെ കടയ്ക്കൽ പൊലീസ് സ്റ്റേഷനിലെത്തിയ യുവാക്കൾ പരാതി നൽകി. തുടര്‍ന്നാണ് സജുകുമാറിനെ പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. വധശ്രമത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. മറ്റൊരു പ്രതിയായ അതിശയൻ എന്ന് വിളിക്കുന്ന ഷിജു ഒളിവിലാണ്. നിരവധി ലഹരിക്കടത്തുകേസുകളിൽ പ്രതിയാണ് സജുകുമാറും ഷിബുവും. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് കൈമാറിയത് യുവാക്കളാണെന്ന് സംശയിച്ചാണ് ആക്രമണമെന്ന് അന്വേഷണ സംഘം പറഞ്ഞു.