കോലിയുടെ മാസ്റ്റര്‍ ക്ലാസ് സെഞ്ചുറി, ആര്‍സിബിക്ക് കൂറ്റന്‍ സ്കോര്‍, മത്സരഫലം കാത്ത് ആകാംക്ഷയോടെ മുംബൈ ഇന്ത്യന്‍സും

ബെംഗളൂരു: ഐപിഎല്‍ പതിനാറാം സീസണിലെ പ്ലേ ഓഫിലേക്ക് യോഗ്യത നേടാന്‍ ജയം അനിവാര്യമായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ച് കിംഗ്‌ കോലി. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആര്‍സിബി 20 ഓവറില്‍ 5 വിക്കറ്റ് നഷ്‌ടത്തില്‍ 197 റണ്‍സെടുത്തു. ചിന്നസ്വാമിയില്‍ ബാറ്റുമായി കത്തിപ്പടര്‍ന്ന വിരാട് കോലി 61 പന്തില്‍ 101* റണ്‍സുമായി പുറത്താവാതെ നിന്നു. കോലിക്കൊപ്പം അനൂജ് റാവത്ത്(15 പന്തില്‍ 23*) പുറത്താവാതെ നിന്നു. മത്സരം ജയിച്ചാല്‍ മുംബൈ ഇന്ത്യന്‍സിനെ മറികടന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീമാകും. 

കനത്ത മഴയില്‍ തണുത്ത ചിന്നസ്വാമി സ്റ്റേഡിയത്തെ ചൂടുപിടിപ്പിച്ചായിരുന്നു ആര്‍സിബിയുടെ ബാറ്റിംഗ് തുടക്കം. വിരാട് കോലിയും ഫാഫ് ഡുപ്ലസിസും തുടക്കത്തിലെ കടന്നാക്രമിച്ചപ്പോള്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 62 റണ്‍സിലെത്തി. എട്ടാം ഓവറിലെ ആദ്യ പന്തില്‍ ഫാഫിനെ(19 പന്തില്‍ 28) മടക്കി നൂര്‍ അഹമ്മദാണ് 67 റണ്‍സ് നീണ്ട ഈ ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിച്ചത്. മൂന്നാമനായി ക്രീസിലെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ(5 പന്തില്‍ 11) റാഷിദ് ഖാന്‍ ബൗള്‍ഡാക്കിയപ്പോള്‍ മഹിപാല്‍ ലോംററിനേയും(3 പന്തില്‍ 1) നൂര്‍ പറഞ്ഞയച്ചു. എങ്കിലും വിരാട് കോലിയും മൈക്കല്‍ ബ്രേസ്‌വെല്ലും ചേര്‍ന്ന് 11-ാം ഓവറില്‍ ആര്‍സിബിയെ 100 കടത്തിയപ്പോള്‍ കോലി 35 പന്തില്‍ ഫിഫ്റ്റി തികച്ചു. കോലി ഒരറ്റത്ത് പിടിച്ചുനിന്നെങ്കിലും മൈക്കല്‍ ബ്രേസ്‌വെല്ലിനെ(16 പന്തില്‍ 26) ഷമി മടക്കിയപ്പോള്‍ ദിനേശ് കാര്‍ത്തിക്കിനെ യഷ് ദയാല്‍ ഗോള്‍ഡന്‍ ഡക്കാക്കി. 15 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 136-5 എന്ന നിലയിലായിരുന്നു ആര്‍സിബി. ഇതിന് ശേഷം അനൂജ് റാവത്തിനെ കൂട്ടുപിടിച്ച് കോലി നടത്തിയ പോരാട്ടമാണ് ആര്‍സിബിക്ക് മികച്ച സ്കോര്‍ ഉറപ്പിച്ചത്. തകര്‍ത്തടിച്ച കോലി 60 പന്തില്‍ സെഞ്ചുറി കണ്ടെത്തി. കോലിയുടെ തുടര്‍ച്ചയായ രണ്ടാം ശതകമാണിത്. 

മത്സരത്തില്‍ ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ബൗളിംഗ് തെര‌ഞ്ഞെടുക്കുകയായിരുന്നു. പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സ് കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തിയപ്പോള്‍ ഫാഫ് ഡുപ്ലസിസിന്‍റെ ആര്‍സിബിയില്‍ കരണ്‍ ശര്‍മ്മയ്‌ക്ക് പകരം ഹിമാന്‍ഷു ശര്‍മ്മ ടീമിലെത്തി. മഴ കാരണം ഒരു മണിക്കൂറിലധികം വൈകിയാണ് മത്സരം ആരംഭിച്ചത് എങ്കിലും 20 ഓവര്‍ വീതമുള്ള കളി തന്നെയാണ് നിശ്ചയിച്ചിരിക്കുന്നത്. ടൈറ്റന്‍സിനെതിരെ ജയിച്ചാല്‍ മാത്രമേ ആര്‍സിബിയുടെ പ്ലേ ഓഫ് സ്വപ്‌നങ്ങള്‍ പൂവണിയുകയുള്ളൂ. ഇന്ന് ആര്‍സിബി പരാജയപ്പെട്ടാല്‍ മുംബൈ ഇന്ത്യന്‍സ് ആദ്യ നാലിലെത്തും.

പ്ലേയിംഗ് ഇലവനുകള്‍

ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്‌മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, ദാസുന്‍ ശനക, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, മോഹിത് ശര്‍മ്മ, നൂര്‍ അഹമ്മദ്, മുഹമ്മദ് ഷമി, യഷ് ദയാല്‍. 

സബ്സ്റ്റിറ്റ്യൂട്ട്സ്: വിജയ് ശങ്കര്‍, കെ എസ് ഭരത്, ശിവം മാവി, സായ് കിഷോര്‍, അഭിനവ് മനോഹര്‍. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: വിരാട് കോലി, ഫാഫ് ഡുപ്ലസിസ്(ക്യാപ്റ്റന്‍), ഗ്ലെന്‍ മാക്‌സ്‌വെല്‍, മഹിപാല്‍ ലോംറോര്‍, മൈക്കല്‍ ബ്രേസ്‌വെല്‍, അനൂജ് റാവത്ത്, ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹര്‍ഷല്‍ പട്ടേല്‍, വെയ്‌ന്‍ പാര്‍നല്‍, മുഹമ്മദ് സിറാജ്, വിജയകുമാര്‍ വൈശാഖ്. 

സബ്സ്റ്റിറ്റ്യൂട്ട്സ്: ഹിമാന്‍ഷു ശര്‍മ്മ, എസ് പ്രഭുദേശായി, ഫിന്‍ അലന്‍, സോനു യാദവ്, ആകാശ് ദീപ്.