തദ്ദേശ ഉപതെരഞ്ഞെടുപ്പ്; മദ്യനിരോധനം ഏർപ്പെടുത്തി

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ തദ്ദേശ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് ചില വാർഡുകളിൽ മദ്യനിരോധനം ഏർപ്പെടുത്തി. തിരുവനന്തപുരം ജില്ലയിൽ മെയ് 30 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് വാർഡുകളിലും പോളിംഗ് സ്‌റ്റേഷൻ പ്രവർത്തിക്കുന്ന വാർഡുകളിലും മെയ് 31 ന് വോട്ടെണ്ണൽ കേന്ദ്രം സ്ഥിതിചെയ്യുന്ന വാർഡുകളിലുമാണ് മദ്യ നിരോധനം. ജില്ലാ കളക്ടർ ജെറോമിക് ജോർജാണ് ഈ വാർഡുകളിൽ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി ഉത്തരവിട്ടത്.

വാർഡുകളുടെ വിവരം


ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ മുട്ടട (വാർഡ് 18), പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ കാനറ (വാർഡ് 10) വാർഡുകളിലും പോളിംഗ് സ്‌റ്റേഷൻ പ്രവർത്തിക്കുന്ന കേശവദാസപുരം (വാർഡ് 15), മുട്ടട (വാർഡ് 18), കുറവൻകോണം (വാർഡ് 24), പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ കാനറ (വാർഡ് 10) വാർഡുകളിലും വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് തൊട്ടു മുൻപുള്ള 48 മണിക്കൂർ സമയത്തേക്കും, വോട്ടെണ്ണൽ ദിനമായ മെയ് 31ന് വോട്ടെണ്ണൽ കേന്ദ്രം സ്ഥിതിചെയ്യുന്ന തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ കുറവൻകോണം (വാർഡ് 24) വാർഡിലും, കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ ആർ ആർ വി (വാർഡ് 9) വാർഡിലുമാണ് സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിട്ടത്.