ഇടുക്കി കിഴുകാനത്ത് കള്ളക്കേസ് എടുത്ത സംഭവത്തിൽ സസ്പെൻഷനിലായിരുന്ന മുഴുവൻ വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും സസ്‌പെൻഷൻ പിൻവലിച്ചതിൽ ആദിവാസി യുവാവിന്റെ പ്രതിഷേധം. കണ്ണംപടി ആദിവാസി കുടിയിലെ സരുൺ സജിയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. കാട്ടിറച്ചി കൈവശം വച്ചു എന്ന കള്ളകേസിൽ നീതി ലഭിക്കുന്നില്ല എന്ന് ആരോപിച്ചാണ് കിഴുകാനം ഫോറസ്റ്റ് ഓഫീസിനു മുൻപിലെ മരത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. നാട്ടുകാരും ഉപ്പുതറ പോലീസും ഫയർഫോഴ്സും എത്തി അനുനയനീക്കം നടത്തുകയാണ്. എന്നാൽ തനിക്കെതിരെ കള്ളക്കേസ് എടുത്ത മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും നടപടി ഉണ്ടാകുമെന്ന് ഉറപ്പു ലഭിക്കാതെ പിന്നോട്ടില്ലെന്നാണ് സരുൺ സജി പറയുന്നത്. 2022 സെപ്റ്റംബർ 20നാണ് സംഭവം നടക്കുന്നത്. കണ്ണംപടിയിൽ വച്ച് ആദിവാസി യുവാവിന്റെ ഓട്ടോ വനം വകുപ്പ് തടഞ്ഞു നിർത്തുകയും അതിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ തന്നെ ഇറച്ചി വെച്ചതിനുശേഷം കാട്ടിറച്ചി കടത്താൻ ശ്രമിച്ചു എന്ന പേരിൽ യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പത്ത് ദിവസത്തേക്ക് ഇദ്ദേഹത്തെ റിമാൻഡ് ചെയ്യുകയും ചെയ്തു. പിന്നീട് നാട്ടുകാർ ഇതിൽ പ്രതിഷേധിച്ചു. അതിനൊടുവിൽ വനം വകുപ്പ് തന്നെ ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ഈ സംഘം നടത്തിയ അന്വേഷണത്തിൽ ഇത് കള്ളക്കേസാണെന്ന് ബോധ്യപ്പെടുകയും ചെയ്തു.പിന്നാലെ ഇത് മാട്ടിറച്ചിയാണോ കാട്ടിറച്ചിയാണോ എന്നറിയാൻ വേണ്ടി ഒരു പരിശോധന നടത്തണം. അതിനുശേഷം മാത്രമായിരിക്കും ഈ കേസ് പൂർണ്ണമായും പിൻവലിക്കാൻ കഴിയുക എന്ന് വനം വകുപ്പ് നിലപാടെടുത്തു. ഒരു മാസം മുൻപ് ഈ മാസം കാട്ടിറച്ചിയല്ലെന്ന് പരിശോധനാഫലം വന്നു. എന്നിട്ടും വനംവകുപ്പ് യാതൊരു വിധത്തിലുള്ള നടപടിയും സ്വീകരിച്ചില്ല. ഇതിനു പിന്നാലെ സരുൺ സജിയും കുടുംബവും മുഖ്യമന്ത്രിയെയും വനം വകുപ്പ് മന്ത്രിനെയും കാണുകയും നിവേദനം കൊടുക്കുകയും ചെയ്തിരുന്നു. എന്നിട്ടും ഇതിൽ നടപടി ഉണ്ടായില്ല. ഇതിനു പിന്നാലെ വനം വകുപ്പ് ഈ കേസ് പിൻവലിക്കുകയായിരുന്നു. ഇത് കള്ളക്കേസാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അനിൽ കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ എൻ.ആർ.ഷിജിരാജ്, വി.സി.ലെനിൻ, ഡ്രൈവർ ജിമ്മി ജോസഫ് വാച്ചർമാരായ കെ.ടി.ജയകുമാർ, കെ.എൻ.മോഹനൻ വൈൽഡ് ലൈഫ് വാർഡൻ രാഹുൽ എന്നിവരെ സസ്‌പെൻഡ് ചെയ്തിരുന്നു