തുറന്ന് വിട്ട സ്ഥലത്തേക്ക് തന്നെ തിരികെ എത്തി അരിക്കൊമ്പൻ.

 അരിക്കൊമ്പന്റെ കഴുത്തിലെ സാറ്റലൈറ്റ് റേഡിയോ കോളറിൽ നിന്നുമുള്ള സിഗ്നലുകൾ ഇന്നലെ മുതൽ വീണ്ടും കിട്ടിത്തുടങ്ങിയിരുന്നു. ആന ഇന്നലെ തമിഴ്‌നാട് അതിർത്തിയോട് ചേർന്നുള്ള മാവടി ഭാഗത്തായിരുന്നു ഉണ്ടായിരുന്നത്. തമിഴ്‌നാട് വനമേഖലയിലെ മണ്ണാത്തിപ്പാറയിലേക്ക് കടന്ന ശേഷം പെരിയാർ വനമേഖലയിലേക്ക് തിരികെയെത്തുകയായിരുന്നു.

റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ ചൊവ്വാഴ്ച പുലർച്ചെ മുതൽ ലഭിക്കാതിരുന്നത് വനം വകുപ്പ് ഉദ്യോഗസ്ഥരെ കൂടുതൽ ആശങ്കയിലാക്കിയിരുന്നു. ആന ഇടതൂർന്ന ചോലവനത്തിലോ മലയിടുക്കിലോ ആയിരുന്നതിനാലാകാം സിഗ്നലുകൾ നഷ്ടമായത് എന്നാണ് നിഗമനം. എന്നാൽ ചൊവ്വാഴ്ച രാത്രിയോട് കൂടി വീണ്ടും സിഗ്നലുകൾ ലഭിച്ചു തുടങ്ങിയത്.

കഴിഞ്ഞ ദിവസം അരിക്കൊമ്പൻ എത്തിയ വണ്ണാത്തിപ്പാറയിൽ നിന്ന് അഞ്ച് കിലോമീറ്ററിനപ്പുറം തമിഴ്‌നാട്ടിലെ ജനവാസമേഖലയാണ്. ആന ഇവിടേയ്‌ക്ക് കടക്കുന്നുണ്ടോ എന്ന് തമിഴ്‌നാട് വനം വകുപ്പും നിരീക്ഷിക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ ജനവാസ മേഖലകളിലേക്ക് കടന്നാൽ കേരളത്തിലേക്ക് അരിക്കൊമ്പനെ ഓടിച്ചു വിടും. ഇത്തരത്തിൽ ഒരു സാഹചര്യം ഉണ്ടാവുകയാണെങ്കിൽ അരിക്കൊമ്പൻ ചിന്നക്കനാലിൽ തിരികെയെത്താനും സാദ്ധ്യതയുണ്ട്. എന്നാൽ ആന ജനവാസ മേഖലകളിലേക്ക് കടക്കുകയാണെങ്കിൽ പടക്കം പൊട്ടിച്ച് കാട് കയറ്റാനും വനം വകുപ്പ് ആലോചന നടത്തുന്നുണ്ട്.