മൂന്നാറിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസിൽ യുവതിക്ക് കുത്തേറ്റു; പ്രതി സ്വയം കഴുത്തറുത്തു

ഇടുക്കി: മൂന്നാറിൽ നിന്നും ബംഗ്ലൂരുവിലേക്ക് പോകുന്ന ബസിൽ യുവതിക്ക് കുത്തേറ്റു. മലപ്പുറം വെണ്ണിയൂരിൽ എത്തിയപ്പോഴാണ് സംഭവം. യുവാവും സ്വയം കുത്തി പരിക്കേൽപ്പിച്ചു. ഇരുവരെയും തിരൂരങ്ങാടിയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.ഗൂഡല്ലൂർ സ്വദേശികളാണ് യുവാവും യുവതിയും എന്നാണ് വിവരം. മുൻകൂട്ടി ആസൂത്രണം ചെയ്ത് നടത്തിയ ആക്രമണമാണ് ഇതെന്നാണ് നിഗമനം. യുവതി അങ്കമാലിയിൽ നിന്നാണ് ബസിൽ കയറിയത്. യുവാവിന്റെ നില അതീവ ഗുരുതരമാണ്. യുവതിയുടെ നില ഗുരുതരമല്ല. കെ സ്വിഫ്റ്റ് ബസിലാണ് സംഭവം. മലപ്പുറം വെണ്ണിയൂരെത്തിയപ്പോൾ പിറകിലെ സീറ്റിൽ നിന്നും മുന്നിലേക്ക് വന്ന യുവാവ് യുവതിയെ നെഞ്ചിൽ കുത്തുകയായിരുന്നു. പിന്നീട് പുറകോട്ട് പോയ യുവാവ് സ്വയം കഴുത്തറുത്തു. ഗൂഡല്ലൂർ സ്വദേശി സീതയാണ് ആക്രമിക്കപ്പെട്ടത്. സുനിൽ എന്നയാളാണ് ഇവരെ ആക്രമിച്ച ശേഷം സ്വയം കഴുത്ത് മുറിച്ചത്. യാത്രക്കാർ ഉടനെ രക്ഷാപ്രവർത്തനം നടത്തി. ബസ് ഉടനെ ആശുപത്രിയിലേക്ക് എത്തിച്ചു. യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മലപ്പുറം ജില്ലയിൽ നിന്നാണ് സുനിൽ ബസിൽ കയറിയത്. പിന്നീട് യാത്രക്കിടെ ബസ് ഭക്ഷണം കഴിക്കാൻ നിർത്തി. വീണ്ടും ബസ് പുറപ്പെട്ടപ്പോഴാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ബസിൽ വെച്ച് ആക്രമണം ഉണ്ടായ ഉടൻ യാത്രക്കാരും ജീവനക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. റിസർവ് ചെയ്ത ടിക്കറ്റുകളായിരുന്നു ബസിൽ മുഴുവൻ. യുവതിക്കേറ്റ കുത്തി സാരമുള്ളതല്ല. ഇവർ ഒരുമിച്ച് ടിക്കറ്റ് എടുത്തതല്ല എന്നാണ് മനസിലാക്കുന്നത്. ഇവർ തമ്മിൽ മുൻപ് പരിചയം ഉണ്ടായിരുന്നുവെന്നാണ് നിഗമനം. ഇവർ തമ്മിൽ ബസിൽ വെച്ച് വാക്കുതർക്കമോ ഒന്നും ഉണ്ടായിരുന്നില്ല. യുവതിയെയും മെഡിക്കൽ കോളേജിലേക്ക് മാറ്റി.