കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഇന്ന് രാജിവെക്കും.

കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഇന്ന് രാജിവെക്കും. സംസ്ഥാനത്ത് ബിജെപിയുടെ പരാജയം അംഗീകരിച്ചുകൊണ്ടാണ് ബൊമ്മെയുടെ രാജി. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനായി കോൺഗ്രസ് എംഎൽഎമാരുടെ യോഗം നാളെ നടക്കും. ഡികെ ശിവകുമാറിനോ സിദ്ധരാമയ്യക്കോ ആണ് സാധ്യത.മന്ത്രിയായി സിദ്ധരാമയ്യയ്ക്കാണ് കൂടുതൽ സാധ്യത കല്പിക്കപ്പെടുന്നത്. തെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യൻ സംസ്ഥാനമായ കർണാടകയിൽ അധികാരം പിടിക്കാൻ വരുണയിൽ കോൺഗ്രസ് തുറുപ്പു ചീട്ടാക്കിയതും കെ സിദ്ധരാമയ്യയെയാണ്. ആ തീരുമാനം തെറ്റിയില്ലെന്നു തന്നെ പറയാം. എന്നാൽ സിദ്ധരാമയ്യയ്‌ക്കെതിരെ മത്സരിപ്പിക്കാൻ ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) തെരഞ്ഞെടുത്തതും ശക്തനായ കോൺഗ്രസ് നേതാവ് വി. സോമണ്ണയെയായിരുന്നു. എന്നാൽ, 46,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സിദ്ധരാമയ്യ ഇവിടെ വിജയിച്ചു.

കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കൂടി വരുമ്പോൾ ദക്ഷിണേന്ത്യയിൽ ബിജെപി സമ്പൂജ്യരായി. വൊക്കലിംഗ, ദളിത്, മുസ്ലിം വോട്ടുകൾ കോൺഗ്രസിനൊപ്പം ഒഴുകിയതോടെ രാഹുൽ ഗാന്ധിക്കും പ്രവർത്തകർക്കും തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ജാതിസമവാക്യങ്ങളും ധ്രുവീകരണവും മുസ്ലിം സംവരണം നടപ്പാക്കില്ലെന്ന പ്രഖ്യാപനങ്ങളും അഴിമതി, ഹലാൽ, ഹിജാബ്, ടിപ്പു-സവർക്കർ വിവാദം തുടങ്ങി പയറ്റാവുന്ന അടവുകളെല്ലാം പയറ്റിയിട്ടും ബിജെപി നിലംപതിച്ചു.

രാഹുലും പ്രിയങ്കയും അടങ്ങിയ കോൺഗ്രസ് ദേശീയ നേതാക്കൾ കർണാടകയിൽ പ്രചാരണം നടത്തിയപ്പോൾ ബിജെപി ഇറക്കിയത് സാക്ഷാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തന്നെ. മോദിപ്രഭാവത്തിൽ പക്ഷേ കർണാടക തകർന്നുതരിപ്പണമായി. അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ആകെ 129 ലോക്സഭാ സീറ്റുകളുണ്ടെങ്കിലും അതിൽ 29 എണ്ണം മാത്രമായിരുന്നു ബിജെപിക്കുള്ളത്. അവയിൽ മിക്കതും കർണാടകയിലും. ഇപ്പോൾ അതും നഷ്ടപ്പെട്ടതോടെ ദക്ഷിണേന്ത്യ ഇനി പിടിക്കണമെങ്കിൽ ചില്ലറ തന്ത്രങ്ങളൊന്നും പയറ്റിയാൽ പോര. ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചിരുന്നെങ്കിൽ കോൺഗ്രസിനൊരു തിരിച്ചുവരവ് സംശയമാണ്. പക്ഷേ എക്‌സിറ്റ് പോളുകളെ പോലും അമ്പരപ്പെടുത്തിയാണ് കോൺഗ്രസ് വിജയിച്ചത്.