ഇന്ന് തോറ്റാൽ പിന്നെ കണക്കിലെ കളികൾക്ക് പോലും രാജസ്ഥാനെ രക്ഷിക്കാൻ സാധിക്കില്ല. ഇന്നത്തെ കളി കഴിയുന്നതോടെ രാജസ്ഥാൻ 13 മത്സരങ്ങൾ പൂർത്തിയാക്കും. എന്നാൽ, ആർസബിയുടെ 12-ാമത്തെ മത്സരം മാത്രമാണിത്. പിന്നെയും രണ്ട് മത്സരങ്ങൾ കൂടെ ചലഞ്ചേഴ്സിന് ബാക്കിയുണ്ട്. ഇന്ന് തോറ്റാൽ രാജസ്ഥാന് പിന്നെ പരമാവധി നേടാൻ സാധിക്കുക 14 പോയിന്റാണ്. പ്ലേ ഓഫ് സ്വപ്നങ്ങൾ ഇതോടെ പൂട്ടിക്കെട്ടാം.ഇതിനകം തന്നെ ഗുജറാത്തിന് 16ഉം ചെന്നൈക്ക് 15ഉം പോയിന്റുണ്ട്. രണ്ട് മത്സരങ്ങൾ വീതം ബാക്കിയുള്ള മുംബൈ 14 പോയിന്റുമായും ലഖ്നൗ 13 പോയിന്റുമായും ആദ്യ നാലിൽ നിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ രാജസ്ഥാന് ഇന്ന് വിജയം നേടിയാൽ മാത്രമേ എന്തെങ്കിലും പ്രതീക്ഷയ്ക്ക് വകയുള്ളൂ. ഐപിഎൽ ഗ്രൂപ്പ് ഘട്ടത്തിലെ കലാശ പോരാട്ടങ്ങൾ തുടരുമ്പോൾ ഇഞ്ചോടിഞ്ച് പോര് കനക്കുകയാണ്. 12 കളിയിൽ നിന്ന് 16 പോയിന്റുമായി ഗുജറാത്താണ് മുന്നിൽ നിൽക്കുന്നത്. പക്ഷേ, ഇതുവരെ പ്ലേ ഓഫ് ഉറപ്പിക്കാൻ സാധിച്ചിട്ടില്ല. അത്രയും മത്സരങ്ങളിൽ നിന്ന് 15 പോയിന്റുമായി ചെന്നൈ രണ്ടാമത് നിൽക്കുന്നുണ്ട്. കെകെആറിനെ തോൽപ്പിച്ചാൽ ചെന്നൈക്ക് ഇന്ന് തന്നെ പ്ലേ ഓഫിലെ ഒരു സ്ഥാനം ഉറപ്പിക്കാം.