കേരളം കണ്ണീരണിഞ്ഞു;ഡോ: വന്ദനയ്ക്ക് വിട ചൊല്ലി

കോട്ടയം:
ഹൃദയം നുറുങ്ങുന്ന വേദനയോടെ രക്ഷിതാക്കളും, ബന്ധുക്കളും, നാട്ടുകാരും ഡോ:വന്ദനയ്ക്ക് വിടചൊല്ലി.വിഷുവിന് വന്ന് പോയ ശേഷം ശനിയാഴ്ച എത്താമെന്ന് പറഞ്ഞിരുന്ന പ്രീയ മകളുടെ ചേതനയറ്റ ശരീരത്തിനരികെ എല്ലാ ദു:ഖങ്ങളും ഉള്ളിലൊതുക്കി നിന്ന മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ കൂടി നിന്നവർ പാടുപെട്ടു. കടുത്തുരുത്തി മുട്ടുചിറയിലെ വീട്ടിൽ സംസ്ക്കാരത്തിന് മുന്നോടിയായി നടന്ന മതപരമായ ചടങ്ങുകൾക്കു ശേഷം വീട്ടുപറമ്പിൽ ഒരുക്കിയ ചിതയിലേക്ക് ആ കുഞ്ഞ് മലാഖയുടെ ഭൗതികദേഹം മാറ്റിയപ്പോൾ കണ്ടു നിന്നവരെല്ലാം അലമുറയിട്ടു. മതാപിതാക്കളായ മോഹൻദാസും വസന്തകുമാരിയും പ്രിയ മകൾക്ക് അന്ത്യചുബനം നൽകിയ രംഗങ്ങൾ ഏറെ വൈകാരികമായിരുന്നു. ചിതയിലേക്ക് മൃതദേഹം മാറ്റിയതിന് ശേഷവും പിതാവ് മോഹൻ ദാസും ഭാര്യ വാസന്തിയും വീണ്ടും പ്രീയ മകൾക്ക് ചുംബനം നൽകിയത് കണ്ടു നിന്നവർക്കും സഹിക്കാവുന്നതിലപ്പുറമായിരുന്നു. ദൃശ്യമാധ്യമങ്ങളിലൂടെ തത്സമയം സംസ്ക്കാര ചടങ്ങുകൾ കണ്ടവരും കണ്ണീരണിഞ്ഞു. വന്ദനയുടെ ബന്ധുവായ നിവേദാണ് ചിതയ്ക്ക് തീ കൊളുത്തിയത്. സ്പീക്കർ എ എൻ ഷംസീർ, മന്ത്രി വി.എൻ വാസവൻ, മോൻസ് ജോസഫ് എം എൽ എ, മുൻ മന്ത്രി പി കെ ശ്രീമതി തുടങ്ങി ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.