ഗോത്ര വർഗ സമൂഹത്തിൽ നിന്നുള്ള കുട്ടികളെ കായികമേഖലയിലേക്ക് കൈപിടിച്ചുയർത്താൻ ‘ആട്ടക്കള’യ്ക്ക് തുടക്കം. വയനാട്ടിലെ ഗോത്ര വിഭാഗത്തിലെ കുട്ടികൾക്കായി ആവിഷ്‌കരിച്ച പരിപാടി നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. ഗോത്ര വിഭാഗത്തിൽ നിന്ന് മികച്ച ഫുട്‌ബോൾ താരങ്ങളെ വാർത്തെടുക്കാനും കുട്ടികൾ ലഹരി ഉപയോഗത്തിലേക്ക് തിരിയുന്നത് തടയാനും ലക്ഷ്യമിട്ടുള്ള പരിപാടിയാണ് ‘ആട്ടക്കള’.ഇന്ത്യൻ കായിക രംഗത്തെ പ്രഗൽഭ മലയാളി യുവതാരങ്ങളും ചേർന്ന് ആരംഭിച്ച 13th ഫൗണ്ടേഷനും മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷനും ചേർന്ന് F13 അക്കാദമിയുടെ സഹായത്താൽ ആവിഷ്‌കരിച്ച പരിപാടിക്കാണ് ഏലൂർ ഗ്രൗണ്ടിൽ തുടക്കമായത്. ഇന്ത്യൻ ഫുട്‌ബോൾ താരങ്ങളായ സി.കെ.വിനീത്, റിനോ ആന്റോ, മുഹമ്മദ് റാഫി, അനസ് എടത്തോടിക്ക തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിക്കുന്ന 13th ഫൗണ്ടേഷനിലൂടെയാണ് ആദിവാസി കുട്ടികൾക്ക് ഫുട്‌ബോൾ പരിശീലനം നൽകുന്നത്.ഫൗണ്ടേഷന്റെ ഉദ്ഘാടനവും കുട്ടികൾക്കായുള്ള ഫുട്‌ബോൾ പരിശീലനത്തിന്റെ ഔദ്യോഗിക തുടക്കവും മമ്മൂട്ടി നിർവഹിച്ചു. വിനീഷ്, സതീഷ്, ചിഞ്ജിത് എന്നിവർ മമ്മൂട്ടിയിൽ നിന്ന് ഫുട്‌ബോൾ ഏറ്റുവാങ്ങി. കൊച്ചി സിറ്റി അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് പി. രാജ്കുമാർ പങ്കെടുത്തു.