ഐപിഎൽ എലിമിനേറ്ററിൽ ഇന്ന് മുംബൈ ഇന്ത്യൻസ് ലക്നൗ സൂപ്പർ ജയൻ്റ്സിനെ നേരിടും. ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ഇതുവരെ മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും ജയം ലക്നൗവിനൊപ്പമായിരുന്നു. ഇതേ ഹെഡ് ടു ഹെഡ് റെക്കോർഡുമായി ഇന്നലെ ആദ്യ ക്വാളിഫയറിൽ ഗുജറാത്തിനെ നേരിട്ട ചെന്നൈ ജയം നേടി ഫൈനലിൽ പ്രവേശിച്ചു. എന്നാൽ, കരുത്തുറ്റ സ്പിൻ ഡിപ്പാർട്ട്മെൻ്റുമായി എത്തുന്ന ലക്നൗ മുംബൈ ഇന്ത്യൻസിന് കനത്ത വെല്ലുവിളി ഉയർത്തുമെന്നാണ് കരുതപ്പെടുന്നത്. ഇന്ന് വിജയിക്കുന്നവർ രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും.തോറ്റുതുടങ്ങിയ മുംബൈ പിന്നീട് തങ്ങളുടെ കരുത്ത് തിരിച്ചറിഞ്ഞ്, അതിനനുസരിച്ച് കളിശൈലി മാറ്റിയാണ് അവസാന നാലിലെത്തിയത്. കാമറൂൺ ഗ്രീനിനെ മൂന്നാം നമ്പരിൽ പരീക്ഷിച്ചത് ആദ്യ മത്സരങ്ങളിൽ അത്ര ഇംപാക്ട് ഉണ്ടാക്കിയില്ലെങ്കിലും സൺറൈസേഴ്സിനെതിരായ നിർണായക ഗ്രൂപ്പ് മത്സരത്തിൽ മുംബൈ നേട്ടമുണ്ടാക്കി. രോഹിത് ഫോമിലേക്കെത്തിയതും മുംബൈക്ക് ആശ്വാസമാണ്. ബാറ്റിംഗ് ഹെവി ആയ മുംബൈ ഇന്നും അത് തന്നെ തുടരാനാവും ലക്ഷ്യമിടുക. രോഹിത്, കിഷൻ, ഗ്രീൻ, സൂര്യ, തിലക്, നേഹൽ എന്നിങ്ങനെ എക്സ്പ്ലോസീവായ ബാറ്റിംഗ് നിര ഏത് ബൗളിംഗ് ഡിപ്പാർട്ട്മെൻ്റിനെയും തച്ചുതകർക്കാൻ ശേഷിയുള്ളതാണ്. എന്നാൽ, സ്പിൻ പിച്ചായ ചെപ്പോക്കിൽ ഈ ബാറ്റിംഗ് നിര രക്ഷപ്പെടുമോ എന്ന് കണ്ടറിയണം.മുംബൈയുടെ ബൗളിംഗ് നിര വളരെ മോശമാണ്. പീയുഷ് ചൗളയും ആകാശ് മധ്‌വാളും മാത്രമാണ് ബൗളിംഗ് ഡിപ്പാർട്ട്മെൻ്റിൽ മികച്ചുനിൽക്കുന്നത്. ബെഹ്റൻഡോർഫ് ഭേദപ്പെട്ട പ്രകടനം നടത്തുന്നു. ലക്നൗ നിരയിൽ ഇടങ്കയ്യന്മാർ ഏറെയുണ്ടെന്നതിനാൽ ഋതിക് ഷൊകീൻ കളിച്ചേക്കും.
ലക്നൗവിനും കരുത്തുറ്റ ബാറ്റിംഗ് നിരയാണ്. ക്വിൻ്റൺ ഡികോക്ക്, കെയിൽ മയേഴ്സ്, പ്രേരക് മങ്കദ്, മാർക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പൂരാൻ, ആയുഷ് ബദോനി എന്നിങ്ങനെ വെടിക്കെട്ട് താരങ്ങളാണ് ലക്നൗവിലുള്ളത്. ലക്നൗവിനും ചെപ്പോക്കിലെ സ്പിൻ പിച്ച് ദുഷ്കരമായേക്കും. പ്രേരക്, ബദോനി, ഡികോക്ക് എന്നിവരുടെ പ്രകടനം നിർണായകമാവും.
മുംബൈയെ അപേക്ഷിച്ച് ലക്നൗവിൻ്റെ ബൗളിംഗ് നിര കരുത്തുറ്റതാണ്. അമിത് മിശ്ര, രവി ബിഷ്ണോയ് എന്നീ തകർപ്പൻ സ്പിന്നർമാർക്കൊപ്പം കൃനാൽ പാണ്ഡ്യ, കൃഷ്ണപ്പ ഗൗതം എന്നീ മികച്ച ഓപ്ഷനുകളും ലക്നൗവിനുണ്ട്. ഇവർക്കൊപ്പം മൊഹ്സിൻ ഖാൻ, യാഷ് താക്കൂർ എന്നിവർ കൂടി ചേരുമ്പോൾ നിഷ്പ്രയാസം ലക്നൗ തമ്മിൽ കരുത്തുറ്റ ടീമാകുന്നു.