കേരള ലളിത അക്കാദമിയുടെ രാജാ രവിവര്‍മ സ്മാരക സാംസ്‌കാരിക നിലയത്തിലെ ആര്‍ട്ട് ഗാലറി ചോര്‍ച്ച കാരണം അറ്റകുറ്റ പണികള്‍ക്കായി രണ്ടാഴ്ച അടച്ചിടും. ഹാബിറ്റാറ്റ് നിര്‍മിച്ച ആര്‍ട്ട് ഗാലറി മന്ദിരം 2014ല്‍ ആണ് ഉദ്ഘാടനം ചെയ്തത്. 1.30 കോടി രൂപ ആയിരുന്നു അടങ്കല്‍ തുക. ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന രവി വര്‍മ ചിത്രങ്ങള്‍ക്ക് ഒന്നിനും നാശം ഉണ്ടായില്ല. രവിവര്‍മ വരച്ച ചിത്രങ്ങളുടെ പകര്‍പ്പുകള്‍ മാത്രമാണ് ഇവിടെ പ്രദര്‍ശിപ്പിക്കുന്നത്.
ഗാലറിയുടെ മേല്‍ക്കൂര പ്ലൈവുഡ് പാകി അതിനു മുകളില്‍ സിംഗിള്‍സ് നിരത്തിയാണ് നിര്‍മിച്ചത്. നിലവാരം കുറഞ്ഞ പ്ലൈവുഡ് ഉപയോഗിച്ചതാണ് ചോര്‍ച്ചയ്ക്കു കാരണമെന്ന് പറയുന്നു. നിര്‍മാണ വേളയില്‍ പ്ലൈവുഡ് നിരത്തി മാസങ്ങള്‍ കഴിഞ്ഞാണ് സിംഗിള്‍സ് നിരത്തിയത്. ഈ സമയത്ത് ഉണ്ടായ മഴയില്‍ പ്ലൈവുഡ് നനഞ്ഞു കുതിര്‍ന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു.
ചോര്‍ച്ച കാരണം ഇതിനു മുന്‍പ് ഹാബിറ്റാറ്റ് അറ്റകുറ്റ പണി നടത്തിയെങ്കിലും ചോര്‍ച്ച ശാശ്വതമായി തടയാന്‍ കഴിഞ്ഞില്ല.രാജാ രവിവര്‍മയുടെ 175ാം ജന്മദിനാഘോഷത്തിനു ഒ.എസ്.അംബിക എംഎല്‍എ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍.മനോജ്, ജനപ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവര്‍ സാംസ്‌കാരിക നിലയത്തില്‍ എത്തിയപ്പോള്‍ ആണ് ചോര്‍ച്ചയെ കുറിച്ച് പുറം ലോകം അറിയുന്നത്. ഇതേ തുടര്‍ന്നാണ് ഗാലറി അടച്ചിട്ട് അറ്റകുറ്റ പണികള്‍ നടത്താന്‍ അക്കാദമി തീരുമാനിച്ചത്.