ചെന്നൈയുടെ എതിരാളികളെ ഇന്നറിയാം; രണ്ടാം ക്വാളിഫയറിൽ മുംബൈ ഗുജറാത്തിനെ നേരിടും

ഐപിഎൽ ഫൈനലിലെ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ എതിരാളികളെ ഇന്നറിയാം. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ടൈറ്റൻസുമായി ഏറ്റുമുട്ടും. ഗുജറാത്ത് ടൈറ്റൻസിന്റെ ഹോം ഗ്രൗണ്ട് കൂടിയാണിത്. അഹമ്മദാബാദിൽ ടോസ് നിർണായകമാണ്, മത്സരം രാത്രി 7.30ന് ആരംഭിക്കും.സീസണിലെ ആദ്യ 7 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 4 തോൽവിയുമായി പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്തായിരുന്ന മുംബൈ കഷ്ടിച്ചാണ് പ്ലേഓഫിൽ ഇടം നേടിയത്. പ്രകടനത്തിലെ സ്ഥിരതയില്ലായ്മയാണ് എംഐയുടെ തലവേദന. ക്യാപ്റ്റൻ രോഹിത് ശർമ്മ, ഇഷാൻ കിഷൻ, കാമറൂൺ ഗ്രീൻ, സൂര്യകുമാർ യാദവ് തുടങ്ങിയ ടി20 സ്പെഷ്യലിസ്റ്റുകൾ അടങ്ങുന്ന ബാറ്റിംഗ് നിര, തങ്ങളുടെ കഴിവിനനുസരിച്ച് പ്രകടനം നടത്തിയോ എന്നത് സംശയമാണ്.

ബൗളിംഗിൽ അപ്രതീക്ഷിത പ്രകടനമാണ് ആകാശ് മധ്വാൾ കഴിഞ്ഞ കളിയിൽ പുറത്തെടുത്തത്. ബുംറയുടെയും ആർച്ചറിന്റെയും അഭാവം ആകാശിന്റെ ഈ മികച്ച പ്രകടനം മുംബൈ ആശങ്കകൾക്ക് അൽപ്പം അയവ് വരുത്തി. മറുവശത്ത് ടൂർണമെന്റിൽ ഗുജറാത്തിന്റെ ഇതുവരെയുള്ള പ്രകടനം ശ്രദ്ധേയമാണ്. ലീഗ് മത്സരങ്ങളിൽ ഗുജറാത്ത് 14 മത്സരങ്ങളിൽ 10ലും ജയിച്ചു. ടീമിലെ ബൗളർമാരും ബാറ്റ്സ്മാൻമാരും മികച്ച ഫോമിലുമാണ്. ഉഗ്രൻ ഫോമിലുള്ള ശുഭ്മാൻ ഗില്ലിന്‍റെ ബാറ്റിലേക്കാണ് ഗുജറാത്ത് ഉറ്റുനോക്കുന്നത്.