കുഴിമന്തിയിൽ നിന്ന് പുഴുവിനെ ലഭിച്ചതായി പരാതി. അന്വേഷിക്കാനെത്തിയ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ പിടിച്ചെടുത്തത് പുഴുവരിക്കുന്ന മാംസങ്ങളും ഉപയോഗശൂന്യമായ പഴക്കം ചെന്ന ഭക്ഷണങ്ങളുമാണ്. പത്തനംതിട്ട അടൂർ ഗാന്ധി പാർക്കിന് സമീപത്തുള്ള അറേബ്യൻ ഡ്രീംസ് എന്ന ഹോട്ടലിൽ നിന്നാണ് പുഴുവരിച്ച നിലയിലുള്ള കോഴിയിറച്ചിയും ഭക്ഷണ പദാർത്ഥങ്ങളും കണ്ടെത്തിയത്. പരിശോധനയ്ക്കിടെ ഹോട്ടലിന് പുറകുവശത്ത് സൂക്ഷിച്ചിരുന്ന ഫ്രീസർ തുറന്നപ്പോൾ ഉദ്യോഗസ്ഥർ ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടത്. ഹോട്ടലിൽ എത്തുന്നവർക്ക് നൽകാനായി സൂക്ഷിച്ച ചിക്കനിലും ഷവർമയിലുമൊക്കെയാണ് പുഴുക്കൾ പെറ്റുപെരുകിയിരിക്കുകയായിരുന്നു.
പിടികൂടിയ ഭക്ഷ്യവസ്തുക്കൾ ഉദ്യോഗസ്ഥർ പൂർണമായും നശിപ്പിച്ചു. ഹോട്ടൽ അടച്ചുപൂട്ടുകയും ചെയ്തു. ഹോട്ടൽ ഉടമയ്ക്കെതിരെ ക്രിമിനൽ നടപടികൾ ആരംഭിക്കുമെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.