വിളപ്പിൽ ഗ്രാമീണ ശുദ്ധജല വിതരണ വിപുലീകരണ പദ്ധതി യാഥാർത്ഥ്യമായതോടെ, ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമായിരിക്കുകയാണ്. സംസ്ഥാന പ്ലാൻ ഫണ്ടിൽ നിന്ന് 16 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്.
കാവടിക്കടവിൽ അരുവിക്കര റിസർവോയറിൽ നിന്നുള്ള ജലം തടയണ കെട്ടി സംഭരിച്ചാണ് ചീലപ്പാറയിലെ ശുചീകരണ പ്ലാന്റിലെത്തിക്കുന്നത്. ഇതിനായി കരമയാറിനോട് ചേർന്ന് 16 മീറ്റർ ആഴമുള്ള കിണർ, പമ്പ് ഹൗസ്, റോ വാട്ടർ പമ്പിംഗ് മെഷീൻ എന്നിവ സജ്ജീകരിച്ചു. ചീലപ്പാറയിൽ 10 എം.എൽ.ഡി ശേഷിയുള്ള ആധുനിക ജലശുദ്ധീരണശാല, എട്ട് ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള ഉപരിതല ജലസംഭരണി, 5 ലക്ഷം ലിറ്റർ ശേഷിയുള്ള ഭൂഗർഭ ജലസംഭരണി എന്നിവയാണ് നിർമിച്ചിരിക്കുന്നത്. ചീലപ്പാറ പ്ലാന്റിൽ ശുദ്ധീകരിച്ച ജലം, നൂലിയോട് ജലസംഭരണി, ഭൂഗർഭ ജലസംഭരണി എന്നിവ വഴിയും, പേയാട് ഭാഗത്ത് നിലവിലുള്ള പ്രധാന പൈപ്പ് ലൈനിലേക്കും വിതരണം ചെയ്യും.
ഐ. ബി. സതീഷ് എം. എൽ. എ അധ്യക്ഷനായ പരിപാടിയിൽ വിളപ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹൻ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ജല അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായി