മാരായമുട്ടത്ത് നിന്നാണ് കുഞ്ഞിനെ പ്രസവിച്ച അഞ്ജു (36)വിനെ തമ്പാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വില്പന പുറത്തറിഞ്ഞതോടെ ഇവര്‍ ഒളിവില്‍ പോവുകയായിരുന്നു. തിരുവനന്തപുരം തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിച്ച നാല് ദിവസം പ്രായമുള്ള കുഞ്ഞിനെ കരമന സ്വദേശിയായ സ്ത്രീക്കാണ് വിറ്റത്. കഴിഞ്ഞ ദിവസം വില്പനയ്ക്ക് ഇടനില നിന്ന അഞ്ജുവിന്റെ കൂട്ടാളിയായ ജിത്തു പൊലീസ് പിടിയിലായിരുന്നു. കേസിലെ ഒന്നാം പ്രതിയാണ് അഞ്ജു. ഇവരെ ചോദ്യം ചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്ന് തമ്പാനൂര്‍ സി.ഐ പ്രകാശ് പറഞ്ഞു. കുഞ്ഞിനെ വാങ്ങിയ ലാലിക്ക് ജില്ലാ കോടതിയുടെ അവധിക്കാല ബെഞ്ച് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.നാല് തവണയായി മൂന്ന് ലക്ഷം രൂപയാണ് കുഞ്ഞിനെ നല്‍കുന്നതിന് അഞ്ജു കൈപ്പറ്റിയത്. മുമ്പ് തുണിവില്‍ക്കാനെത്തിയപ്പോഴുള്ള പരിചയമാണ് ഇവര്‍ തമ്മിലുള്ളതെന്നാണ് ലാലിയുടെ മൊഴി.
കഴിഞ്ഞ ഏപ്രില്‍ 21 നാണ് തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിയില്‍ ജനിച്ച നവജാത ശിശുവിനെ പ്രസവിച്ചയുടനെ വില്പന നടത്തിയതായുള്ള വിവരം പുറത്തെത്തിയത്. കുഞ്ഞിനെ വീണ്ടെടുത്ത് ശിശുക്ഷേമ സമിതി സംരക്ഷണയിലാക്കിയിരുന്നു. കുഞ്ഞിനെ വാങ്ങിയ കരമന സ്വദേശിയായ സ്ത്രീയുടെ വീട്ടില്‍ നിന്നും കുഞ്ഞിന്റെ കരച്ചില്‍ കേട്ടതാണ് സംഭവത്തില്‍ നിര്‍ണായകമായത്. കുഞ്ഞില്ലാത്ത വീട്ടില്‍ നിന്നും കേട്ട ശബ്ദത്തില്‍ സംശയം തോന്നിയ അയല്‍വാസികള്‍ വിവരം സ്‌പെഷ്യല്‍ ബ്രാഞ്ചിനെ അറിയിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുഞ്ഞിന്റെ വില്പനയടക്കം ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. രണ്ടാഴ്ചയോളം നീണ്ട അന്വേഷണത്തിലൊടുവിലാണ് പ്രതിയെ പിടികൂടിയത്.