കൈക്കൂലി കണക്കുപറഞ്ഞ് വാങ്ങും, കൊടുത്തില്ലെങ്കിൽ മാസങ്ങളോളം നട‌ത്തിക്കും; സുരേഷ് കുമാറിനെതിരെ കൂടുതൽ പരാതി

പാലക്കാട്: കൈക്കൂലിക്കേസിൽ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാർ പാലക്കയത്ത് എത്തിയത് വെറും മൂന്ന് വർഷം മുമ്പ്. അറസ്റ്റിലായതോടെ വില്ലേജ് അസിസ്റ്റനെതിരെ വ്യാപക പരാതികൾ ഉയർന്നു. നേരത്തെയും ഇയാൾക്കെതിരെ പരാതിയുണ്ടായിരുന്നു. കൈക്കൂലി പ്രശ്നം രൂക്ഷമായതോടെ നാട്ടുകാർ പ്രതിഷേധം വരെ നട‌ത്തി. എന്നാൽ, സുരേഷ് കൈക്കൂലി വാങ്ങുന്നത് തുടർന്നു. സുരേഷ് കുമാർ കൈക്കൂലി കണക്കു പറഞ്ഞു വാങ്ങിയിരുന്നു. പണം കൊടുത്തില്ലെങ്കിൽ മാസങ്ങളോളം നടത്തിക്കും. പലരിൽ നിന്നും കൈപറ്റിയത് 500 മുതൽ 10,000 രൂപ വരെ കൈപ്പറ്റി. പണമില്ലെങ്കിൽ സാധനങ്ങളും സ്വീകരിക്കും. ഇയാളുടെ ശല്യം സഹിക്ക വയ്യാതെ നാട്ടുകാർ വില്ലേജ് ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തിയിരുന്നു. 
മണ്ണാർക്കാട് പച്ചക്കറി മാർക്കറ്റിന്റെ എതിർവശത്തുള്ള കെട്ടിടത്തിലെ ഒറ്റമുറിയിൽ ലളിത ജീവിതമാണ് സുരേഷ് നയിച്ചിരുന്നത്. ചില്ലറ കൈക്കൂലിയൊക്കെ വാങ്ങുമെങ്കിലും ഇത്രയും തുകയുടെ ഉടമയാണെന്ന് ആർക്കും സംശയം തോന്നിയിരുന്നില്ല. ചെറിയ ഒറ്റമുറിയിൽ കാർഡ് ബോർഡ് പെട്ടികളിലും പ്ലാസ്റ്റിക് കവറുകളിലുമൊക്കെ അലക്ഷ്യമായാണ് നോട്ടുകെ‌ട്ടുകൾ സൂക്ഷിച്ചിരുന്നത്. കവറുകളും കടലാസ് പെട്ടികളും പൊടിയും മാറാലയും പിടിച്ചിരുന്നു. മാസങ്ങളായി വാങ്ങുന്ന പണം ചെലവഴിക്കാതെ ഇത്തരത്തിലാണ് 35 ലക്ഷം സൂക്ഷിച്ചിരുന്നത്. മുറിയിൽ സൂക്ഷിച്ച പണത്തിന് പുറമെ, സ്ഥിര നിക്ഷേപ രേഖകളും പാസ്ബുക്കുകളും ഉൾപ്പെടെ 1.05 കോടി രൂപയുടെ രേഖയും കണ്ടെടുത്തു. 17 കിലോ നാണയവും കണ്ടെടുത്തു. സ്വന്തമായി കാറോ ഇരുചക്രവാഹനമോ സുരേഷിനുണ്ടായിരുന്നില്ല ഉണ്ടായിരുന്നില്ല. പണം സ്വരുക്കൂട്ടിയത് സ്വന്തമായി വീട് വെക്കാനെന്നാണ് പ്രതിയുടെ മൊഴി. അവിവാഹിതൻ ആയതിനാൽ ശമ്പളം അധികം ചെലവാക്കേണ്ടി വരാറില്ലെന്നും മൊഴി നല്‍കി. ഇയാൾ ഒരു മാസമായി വിജിലൻസ് നിരീക്ഷണത്തിലായിരുന്നു. പ്രതിയെ ഇന്ന് തൃശ്ശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.