ശിവഗിരി മഠാദ്ധ്യക്ഷന് ശിവഗിരിയില്‍ സഹപാഠികളുടെ ആദരം. സ്വാമിയുടെ ഗുരുക്കന്‍മാരും സഹപാഠികളുമാണ് ആദരം നല്‍കിയത്. കോട്ടയം മുണ്ടക്കയം പാറത്തോട്ടിലെ ഗ്രേസിമെമ്മോറിയല്‍ സ്കൂളിലെ മുന്‍ അധ്യാപകരും സഹപാഠികളുമായിരുന്നു ശിവഗിരിയില്‍ ഒത്തുചേര്‍ന്ന് മഠം അധ്യക്ഷന്‍ സച്ചിദാനന്ദ സ്വാമിയെ ആദരിച്ചത്.
ഗുരുനാഥന്‍മാരായ 93 കാരനായ ജോണ്‍ വട്ടയ്ക്കലും ജേക്കബ് തോമസ്സും സഹപാഠികളായ അമ്പതോളം പേരുമാണ് ഒരു പകല്‍ മുഴുവന്‍ ശിവഗിരിയിലെത്തി യോഗം ചേര്‍ന്നത്. ഇവര്‍ വര്‍ഷത്തിലൊരിക്കല്‍ വിവിധ സ്ഥലങ്ങളില്‍ ഈ വിധം യോഗം ചേരുന്നുമുണ്ട്. ശിവഗിരി മഠത്തിന്‍റെ അധ്യക്ഷനായി തങ്ങളുടെ സഹപാഠി അവരോധിക്കപ്പെട്ടതിലെ സന്തോഷം പങ്കുവയ്ക്കുകയായിരുന്നു ഇന്നലത്തെ ശിവഗിരി കൂട്ടായ്മകളുടെ ഉദ്ദേശം.
93 കാരനായ മുന്‍ അധ്യാപകന്‍ ജോണ്‍ വട്ടയ്ക്കല്‍ ശ്രദ്ധേയനായ കായികതാരമാണ്. 90 പിന്നിട്ടിട്ടും വിവിധ മത്സരത്തില്‍ സജീവമായി നിലകൊള്ളുന്ന ഇദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയില്‍ വച്ച് ആദരിച്ചിരുന്നു. ശിവഗിരി ബ്രഹ്മവിദ്യാലയത്തിലെ പ്രഥമ മുഖ്യാചാര്യനായ പ്രൊഫ. എം.എച്ച്. ശാസ്ത്രികളുടെ ശിഷ്യനായിരുന്നു ജോണ്‍ വട്ടയ്ക്കല്‍. സച്ചിദാനന്ദസ്വാമി മഠം പ്രസിഡന്‍റായ ശേഷം നടന്ന ശിവഗിരി തീര്‍ത്ഥാടന മഹോത്സവത്തിലും ഈ ഗുരുനാഥനെ ആദരിക്കുകയുണ്ടായി.
ഗുരുദേവ ദര്‍ശനം ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനമാണ് താന്‍ നിറവേറ്റി വരുന്നതെന്നും ഇത്തരം കൂട്ടായ്മകള്‍ സമൂഹത്തില്‍ പരസ്പര സ്നേഹവും കരുതലും വര്‍ദ്ധിപ്പിക്കുന്നുവെന്നും ഇതില്‍ താന്‍ ഏറെ സന്തുഷ്ടനാണെന്നും സച്ചിദാനന്ദ സ്വാമി പറഞ്ഞു.