വർക്കല : ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി വർക്കല- പാരിപ്പള്ളി റോഡ് അടയ്ക്കുന്നതിനെതി രെ ശക്തമായ ജനകീയ പ്രതിഷേധം തീർക്കുന്നതിന് വർക്കലയിൽ റോഡ് സംരക്ഷണ സമിതി രൂപീകരിച്ചു. വർക്കല-പാരിപ്പള്ളി റോഡ് ദേശീയ പാതയുമായി സന്ധിക്കുന്ന 'മുക്കട' ഭാഗത്ത് നിലവിൽ അടിപാത നിർമ്മിക്കാതെയാണ് ഹൈവേയുടെ നിർമ്മാണം പുരോഗമിക്കുന്നത്. ഭാവിയിൽ കേരളത്തിന്റെ വടക്കൻ ജില്ലകളിൽ നിന്നും ശിവഗിരിയിലേക്കും ടൂറിസ്റ്റ് കേന്ദ്രമായ വർക്കലയിലേക്കുമുള്ള പ്രധാന കവാടം എന്നെന്നേക്കുമായി നഷ്ടപ്പെടാൻ ഇതു ഇടയാക്കും. ശരണ്യ സുരേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വർക്കല നഗരസഭ ചെയർമാൻ കെ.എം ലാജി ഉദ്ഘാടനം ചെയ്തു. അനെർട്ട് മുൻ ഡയറക്ടർ ഡോ. എം. ജയരാജു, ഷോണി ജി. ചിറവിള, അഡ്വ. പരിപ്പള്ളി എസ്.ആർ. അനിൽകുമാർ, ആർ. സുലോചനൻ തുടങ്ങിയവർ സംസാരിച്ചു. കെ.എസ് രാജീവ് സ്വാഗതവും മുബാറക്ക് റാവുത്തർ നന്ദിയും പറഞ്ഞു.
സമരസമിതി ഭാരവാഹികളായി ശരണ്യ സുരേഷ് (ചെയർമാൻ), കെ.എസ് രാജീവ് (ജനറൽ കൺവീനർ), ഷോണി ജി. ചിറവിള (കോ-ഓർഡിനേറ്റർ) എന്നിവരുൾപ്പെടെ 25 അംഗ കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു.