സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് ഗ്രേസ് മാർക്ക് പുനഃസ്ഥാപിക്കും : മന്ത്രി വി.ശിവൻകുട്ടിആറ്റിങ്ങൽ സബ് ഡിവിഷൻ എസ്പിസി പാസിംഗ് ഔട്ട് പരേഡിൽ മന്ത്രി സല്യൂട്ട് സ്വീകരിച്ചു.

ലഹരി വിരുദ്ധ പോരാട്ടത്തിൽ മുൻനിരയിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുണ്ടാകണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ഈ വർഷം മുതൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കുണ്ടായിരുന്ന ഗ്രേസ് മാർക്ക് പുനഃസ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ആറ്റിങ്ങൽ സബ് ഡിവിഷനിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പരിസ്ഥിതി ബോധവത്കരണമുൾപ്പെടെ സമൂഹത്തിന് ഗുണകരമായ പദ്ധതികളാണ് സ്റ്റുഡന്റ് പോലീസ് പദ്ധതി വഴി നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആറ്റിങ്ങൽ ഗവൺമെന്റ് കോളേജ് മൈതാനത്ത് നടന്ന ചടങ്ങിൽ 12 പ്ലാറ്റൂണുകളിലായി 264 വിദ്യാർത്ഥികളാണ് പരേഡിൽ അണിനിരന്നത്.

ഗവണ്മെന്റ് ഗേൾസ് എച്ച്. എസ്. എസ്. ആറ്റിങ്ങൽ, മോഡൽ ബോയ്‌സ് എച്ച്. എസ്. എസ്. ആറ്റിങ്ങൽ, ഗവണ്മെന്റ് എച്ച്. എസ്. അവനവഞ്ചേരി, ഗവ. എച്ച്. എസ്. എസ്. ഇളമ്പ, ഗവണ്മെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ, ഗവണ്മെന്റ് എച്ച്. എസ്. എസ്. വെഞ്ഞാറമൂട് എന്നീ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ആണ് വിജയകരമായി പരിശീലനം പൂർത്തിയാക്കിയത്. വെഞ്ഞാറമൂട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ബിസ്മ സുൽത്താനയും, ഇളമ്പ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഗോകുൽ വിനോദുമാണ് പരേഡ് നയിച്ചത്.

ചടങ്ങിൽ ആദ്യമായി പങ്കെടുക്കുന്ന ആറ്റിങ്ങൽ ഗേൾസ് സ്‌കൂളിലെ വിദ്യാർഥിനികളുടെ പങ്കാളിത്തവും ശ്രദ്ധേയമായി. മികച്ച പ്ലാറ്റൂണുകൾക്കുള്ള പുരസ്‌കാരം മന്ത്രി വിതരണം ചെയ്തു. ജനപ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ, അധ്യാപകർ, രക്ഷകർത്താക്കൾ, വിദ്യാർത്ഥികൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.