ചാരുംമൂട്: നിർധന കുടുംബത്തെ പറ്റിച്ച് വീടും വസ്തുവും തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. കൊല്ലം ആദിച്ചനല്ലൂർ തഴുത്തല ശരൺ ഭവനത്തിൽ ശരൺ ബാബു (34) വിനെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. താമരക്കുളം മേക്കും മുറിയിൽ കൊച്ചുപുത്തൻ വിള സുനിൽ ഭവനത്തിൽ സുശീലയുടെ (49)വീടും വസ്തുവും തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. സുശീലയുടെ ഭിന്നശേഷിക്കാരനായ മകൻ സുനിലുമായി സൗഹൃദം സ്ഥാപിച്ചാണ് താമരക്കുളത്തുള്ള എട്ട് സെന്റ് വസ്തുവും വീടും ഇയാൾ തട്ടിയെടുത്തത്.കൊട്ടിയത്തുള്ള ഒരു ബന്ധു വീട്ടിൽ വച്ച് പരിചയപ്പെട്ട ശരൺ ബാബു സുനിലിന് ഓപ്പറേഷൻ വേണമെന്നും ആയതിന് സാമ്പത്തികം ആവശ്യമാണെന്നും മനസ്സിലാക്കി. തുടർന്ന് പണം കണ്ടെത്തി തരാൻ സഹായിക്കാമെന്നേറ്റ ഇയാൾ താമരക്കുളത്ത് വീട്ടിലെത്തിയ ശേഷം എട്ട് സെന്റ് സ്ഥലവും വീടും ബാങ്കിൽ ലോൺ വെച്ചിട്ട് പണം എടുത്തു തരാമെന്ന് പറഞ്ഞു. സൗകര്യം ഉള്ളപ്പോൾ തിരിച്ചടച്ചാൽ മതിയെന്നും, തിരിച്ചടക്കുന്ന സമയം വീടും പുരയിടവും തിരികെ ലഭിക്കുമെന്നും ഇവരെ പറഞ്ഞ് വിശ്വസിപ്പിച്ചു. പണത്തിന് ആവശ്യമുള്ള നിരക്ഷരരായ സുശീല ഇയാൾ പറഞ്ഞ പേപ്പറുകളിൽ ഒപ്പിട്ടു നൽകുകയും ചെയ്തു.പണം ലഭിക്കാത്തതിനെ തുടർന്ന് സുശീലയും കുടുംബവും ശരൺ ബാബുവിനെ നിരന്തരം ബന്ധപ്പെട്ടപ്പോൾ മൂന്നര ലക്ഷം രൂപയുടെ ഒരു ചെക്ക് സുശീലക്ക് നൽകി. ചെക്കുമായി ബാങ്കിൽ ചെന്നപ്പോഴാണ് അങ്ങനെയൊരു അക്കൗണ്ട് തന്നെ ഇല്ല മനസ്സിലായത്. തുടർന്ന് ഇയാൾ ബാങ്കിലെ തകരാറു കാരണമായിരിക്കുന്നും പണം നേരിട്ട് തരാമെന്നും പറഞ്ഞു വിശ്വസിപ്പിച്ച ശേഷം ചെക്ക് തിരികെ വാങ്ങുകയും ചെയ്തു. തുടർന്ന് മാസങ്ങളോളം ശരൺ ബാബുവിനെ കണ്ടങ്കിലും പണം ലഭിച്ചില്ല. പിന്നീട് വസ്തുവിന്റെ കരം അടയ്ക്കുന്നതിനു വേണ്ടി സുശീല പോയപ്പോഴാണ് തന്റെ പേരിലുള്ള വസ്തു ശരൺ ബാബു വിലയാധാരമായി വാങ്ങി തട്ടിപ്പ് നടത്തിയ വിവരം അറിയുന്നത്. ശരൺ ബാബു ഈ വസ്തുവും വീടും കൊല്ലത്തുള്ള ഒരാൾക്ക് അഞ്ച് ലക്ഷം രൂപക്ക് മറിച്ചു വിൽക്കുകയും ചെയ്തു. തുടർന്ന് സുശീല നൂറനാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് വഞ്ചനാകുറ്റത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ ഒളിവിലായിരുന്ന ഇയാളെ കഴിഞ്ഞ ദിവസം ശൂരനാട്ടുള്ള ഒരു വീട്ടിൽനിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
നിർധനരും നിരക്ഷരരുമായ ആൾക്കാരിൽ നിന്നും വീടും വസ്തുവും പണവും തട്ടിയെടുത്തതിന്റെ പേരിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ആലപ്പുഴ ജില്ലകളിൽ
ശരൺ ബാബുവിനെതിരെ വഞ്ചനാകുറ്റത്തിന് പരാതി നിലവിലുണ്ടെന്നും, പല പരാതികളിലും പണവും വസ്തുവും തിരികെ നൽകാമെന്ന് പറഞ്ഞ് സമയം ആവശ്യപ്പെട്ടിട്ടുള്ളതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പൊലീസ് പറയുന്നു. സുശീലക്കും കുടുംബത്തിനും നഷ്ടപ്പെട്ട വീടും വസ്തുവും തിരികെ ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് നൂറനാട് എസ് എച്ച് ഒ, പി ശ്രീജിത്ത് പറഞ്ഞു. മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പുകൾ നടത്തുമെന്നും പൊലീസ് അറിയിച്ചു.