പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ ഗുരുദേവചിത്രം സ്ഥാപിക്കണം

ശിവഗിരി: സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷികം പ്രമാണിച്ച് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ ശ്രീനാരായണ ഗുരുദേവന്‍റെ ഛായാചിത്രം സ്ഥാപിക്കണമെന്ന് ശിവഗിരി മഠം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. 
 ഭാരത നവോത്ഥാനത്തിന് മഹത്തായ സംഭാവനകളാണ് ഗുരുദേവന്‍ നല്‍കിയിട്ടുള്ളത്. മഹാത്മാഗാന്ധിയും രവീന്ദ്രനാഥ ടാഗോറും അംബേദ്കറും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവും അടല്‍ബിഹാരി വാജ്പേയിയും നരേന്ദ്രമോദിയും അത് തുടര്‍ന്ന് പ്രഖ്യാപനം ചെയ്തിട്ടുള്ളതാണ്. ജാതിഭേദം കൊണ്ടും മതദ്വേഷം കൊണ്ടും മതതീവ്രവാദം, മതപരിവര്‍ത്തനം തുടങ്ങിയ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും കലുഷിതമായ ഭാരതത്തിന് ഏകതയും സമത്വവും ദേശീയോദ്ഗ്രഥനവും ഊട്ടിയുറപ്പിക്കാന്‍ അതിശക്തമായ ദര്‍ശനമാണ് ഗുരുവിന്‍റേത്. ഗുരു വിഭാവനം ചെയ്ത സമത്വ സുന്ദരമായ രാഷ്ട്രമാണ് അരുവിപ്പുറം സന്ദേശത്തിലുള്ളത്. ജാതിഭേദം മതദ്വേഷം എതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാമിത് എന്ന സന്ദേശത്തിലധിഷ്ഠിതമായ ഭാരതത്തെയാണ് ഗവണ്‍മെന്‍റ് സൃഷ്ടമാക്കുന്നതെന്ന് രാഷ്ട്രപതിയായിരുന്ന രാംനാഥ് ഗോവിന്ദ് പാര്‍ലമെന്‍റ് സഭയില്‍ പ്രസ്താവിച്ചത് ഇവിടെ സ്മരണീയമാണ്. പാര്‍ലമെന്‍റു മന്ദിരത്തില്‍ ഗുരുവിന്‍റെ ഈ സര്‍വ്വമത സമന്വയ സന്ദേശം ആലേഖനം ചെയ്ത് ഏകതയെ ഊട്ടി ഉറപ്പിക്കണമെന്നും ശിവഗിരി മഠം പ്രസിസന്‍റ് സച്ചിദാനന്ദസ്വാമി, ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ എന്നിവര്‍ ആവശ്യപ്പെട്ടു.