പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ നേരത്തെ അയിരൂര്‍ സിഐ ആയിരിക്കെ ജയസനില്‍ അറസ്റ്റ് ചെയ്തിരുന്നു. ഈ പ്രതിയെ പൊലീസ് ക്വാർട്ടേഴ്സിൽ വിളിച്ചു വരുത്തി ലൈംഗീകമായി പീഡിപ്പിക്കുകയും പണം വാങ്ങുകയും ചെയ്തുവെന്നാണ് പരാതി. റിസോർട്ട് ഉടമയിൽ നിന്നും കൈക്കൂലി ആവശ്യപ്പെട്ടുവെന്ന ആരോപണത്തിൽ സസ്പെൻഷനിലായതിന് പിന്നാലെയാണ് ഈ പരാതിയും പുറത്തുവന്നത്. സമൂഹ മാധ്യമം വഴി പരിചയപ്പെട്ട 17 കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവാണ് സിഐ ജയസനിലിനെതിരെ പരാതി നൽകിയത്. കേസെടുത്തതിന് പിന്നാലെ ഗൾഫിലായിരുന്ന പ്രതിയെ ജയസനിൽ നാട്ടിലേക്ക് വിളിച്ചു വരുത്തി. സഹോദരനൊപ്പം സ്റ്റേഷനിൽ കാണാനെത്തിയ പ്രതിയോട് ചില താത്പര്യങ്ങൾ പരിഗണിക്കാനും സഹകരിച്ചാൽ കേസിൽ നിന്നും ഒഴിവാക്കാമെന്നും ജയസനിൽ വാക്കുപറഞ്ഞു. പിന്നീട് പ്രതിയെ സിഐ തന്റെ ക്വാർട്ടേഴ്സിലേക്ക് വിളിച്ചു വരുത്തി. അവിടെ വച്ച് പീഡിപ്പിച്ചുവെന്നും കേസ് അവസാനിപ്പിക്കാൻ 50000 രൂപ കൈക്കൂലി വാങ്ങിയെന്നുമാണ് കേസ്.പിന്നീട് ജയസനിൽ വാക്കുമാറി. പോക്സോ കേസ് ചുമത്തി യുവാവിനെ ജയിലിലടച്ചു. കേസിൽ കുറ്റപത്രവും സമർപ്പിച്ചു. സിഐ തന്നെ പീഡിപ്പിച്ച വിവരം ഭാര്യയോട് വെളിപ്പെടുത്തിയ പോക്സോ കേസ് പ്രതി പിന്നീട് ജാമ്യഹർജിയുടെ ഭാഗമായി കോടതിയിൽ ഹാജരാക്കിയപ്പോൾ ഇക്കാര്യം അറിയിച്ചു. ജാമ്യം കിട്ടിയതിന് പിന്നാലെ അയിരൂർ സ്റ്റേഷനിലെത്തി ഇയാൾ സിഐക്കെതിരെ പീഡനത്തിന് പരാതിയും നൽകുകയായിരുന്നു.