മൂന്ന് പതിറ്റാണ്ടിലേറെയായി സിനിമയിലും സീരിയലിലും സജീവമായ ജോബിയെ അറിയാത്തവരായി ആരുംതന്നെ കാണില്ല. മലയാള സിനിമകളിലും ടെലിവിഷനിലും ചെറുതും വലുതുമായ വേഷങ്ങളാണ് ജോബി അഭിനയിച്ചുതീർത്തിട്ടുള്ളത്. ഇപ്പോഴിതാ തന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുന്നു എന്ന വാർത്തയാണ് ജോബി പുറത്തുവിടുന്നത്. ഈ മാസം 31നാണ് ജോബി സർവീസിൽ നിന്നും വിരമിക്കുക.24 വർഷത്തെ സർവീസിന് ശേഷം തിരുവനന്തപുരം സ്റ്റാച്യുവിലുള്ള കെ.എസ്.എഫ്.ഇ അർബൻ റീജിയണൽ ഓഫീസിൽ നിന്ന് സീനിയർ മാനേജരായി വിരമിക്കുമ്പോൾ സിനിമയെയും ജീവിതത്തെയും കുറിച്ച് വലിയ പ്രതീക്ഷകളാണ് ജോബിക്ക്. സിനിമയിൽ നിന്നും സ്ഥിരവരുമാനം ഇല്ലാതായതോടെയാണ് ജോബി 1999ൽ പിഎസ്സിയിലൂടെ ജൂനിയർ അസിസ്റ്റന്റായി സർവീസിൽ കയറുന്നത്.
അച്ചുവേട്ടന്റെ വീട് എന്ന ആദ്യ സിനിമയിലൂടെയായിരുന്നു ജോബിയുടെ കലാരംഗത്തേക്കുള്ള രംഗപ്രവേശം. അൻപതോളം സിനിമകളിലും നൂറോളം സീരിയലുകളിലും അഭിനയിച്ചെങ്കിലും സമയപരിമിതി മൂലം ചെറിയ വേഷങ്ങളായിരുന്നു ഏറെയും. അതിൽ കൂടുതലും ഹാസ്യവേഷങ്ങളും.2018ൽ മണ്ണാങ്കട്ടയും കരിയിലയും എന്ന ചിത്രത്തിലെ കഥാപാത്രത്തിന് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചത് ആത്മവിശ്വാസം കൂട്ടി. ഇപ്പോൾ വേലക്കാരി ജാനു എന്ന ചിത്രത്തിൽ മുഖ്യവേഷം ചെയ്യുന്നു. സംസ്ഥാന യുവജനോത്സവത്തിൽ വിധികർത്താവായി എല്ലാവർഷവും എത്താറുണ്ട്.