പ്ലസ് വണ്‍ സീറ്റ്: താലൂക്ക്തല പട്ടിക വരും

പ്ലസ് വണ്‍ സീറ്റുകളുടെ താലൂക്ക് അടിസ്ഥാനത്തിലുള്ള പട്ടിക തയാറാക്കുമെന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. സീറ്റ് ലഭ്യത പ്രാദേശികമായി പരിശോധിച്ച്, എവിടെയെങ്കിലും കുറവുണ്ടെങ്കില്‍ പരിഹരിക്കുകയാണു ലക്ഷ്യം. എസ്എസ്എല്‍സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ വിജയിച്ച മലപ്പുറത്തു പലര്‍ക്കും സ്വന്തം ജില്ലയില്‍ ഹയര്‍ സെക്കന്‍ഡറി പഠനത്തിനു സീറ്റ് ലഭ്യമാകില്ലെന്ന ആശങ്ക ഉന്നയിച്ചപ്പോഴാണു മന്ത്രി ഇക്കാര്യം അറിയിച്ചത്. 

എസ്എസ്എല്‍സി പാസായ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഉന്നത പഠനത്തിനുള്ള അവസരം ഉറപ്പാക്കും. കഴിഞ്ഞവര്‍ഷം അനുവദിച്ച അധിക ബാച്ചുകളും അധിക സീറ്റുകളും ഇക്കൊല്ലവും നിലനിര്‍ത്തുന്നതു സംബന്ധിച്ച മന്ത്രിസഭാ തീരുമാനം വൈകാതെയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ജൂലൈ അഞ്ചോടെയാകും പ്ലസ് വണ്‍ ക്ലാസ് തുടങ്ങുക.