#അരിക്കൊമ്പൻ ഇറക്കിവിട്ട അതേ സ്ഥലത്തേക്ക് തിരിച്ചെത്തി.#അരിക്കൊമ്പന്_ഒരു_ചാക്ക്_അരി... മൃഗസ്നേഹി ഗ്രൂപ്പിന്റെ തട്ടിപ്പ്

കുമളി ∙ ചിന്നക്കനാലിൽനിന്നു പിടികൂടി 100 കിലോമീറ്റർ അകലെ പെരിയാർ വന്യജീവി സങ്കേതത്തിൽ ഇറക്കിവിട്ട അതേ സ്ഥലത്തേക്ക് അരിക്കൊമ്പൻ തിരിച്ചെത്തി.
 പെരിയാറിലെ സീനിയർ ഓട എന്ന ഭാഗത്താണ് ഇപ്പോൾ അരിക്കൊമ്പൻ ഉള്ളത്. ഇവിടെ നിന്ന് 
തമിഴ്നാട് ഉൾപ്പെടെയുള്ള വനമേഖലയിലേക്ക് അരി കൊമ്പൻ സഞ്ചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇറക്കി വിട്ട സ്ഥലത്ത് തന്നെ തിരിച്ചെത്തിയിരിക്കുകയാണ്. ആവശ്യത്തിന് തീറ്റ കിട്ടുന്നിടത്ത് എത്തിയതിനാലായിരിക്കാം കൊമ്പൻ ഇപ്പോൾ അധികംദൂരം സഞ്ചരിക്കാത്തതെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ.

നാലുദിവസം മുൻപാണ് ആന തമിഴ്നാട്ടിൽ നിന്ന് കേരളത്തിന്റെ വനമേഖലയിൽ പ്രവേശിച്ചത്. വനപാലകർക്കുവേണ്ടി നിർമിച്ച ഷെഡ് ഞായറാഴ്ച അരിക്കൊമ്പൻ തകർത്തു. ഇവിടെ ഉണ്ടായിരുന്ന ജീവനക്കാർ ഓടി രക്ഷപ്പെട്ടു. 

അരിക്കൊമ്പന്റെ ആക്രമണം ഭയന്ന് മേഘമലയിൽ വിനോദ സഞ്ചാരികൾക്ക് തമിഴ്നാട് വനം വകുപ്പ് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ഇനിയും നീക്കിയിട്ടില്ല. ആന പെരിയാർ വന്യജീവി സങ്കേതത്തിലേക്കു മാറിയിട്ട് നാലുദിവസം കഴിഞ്ഞെങ്കിലും ഇനിയും മടങ്ങിവരാനുള്ള സാധ്യത തമിഴ്നാട് തള്ളിക്കളയുന്നില്ല. അതിനാൽ നിരീക്ഷണത്തിനായി നിയോഗിച്ചിരിക്കുന്ന സംഘങ്ങളോട് അവിടെ തുടരാനാണു നിർദേശിച്ചിരിക്കുന്നത്.

#അരിക്കൊമ്പന് ഒരു ചാക്ക് അരി...മൃഗസ്നേഹി ഗ്രൂപ്പിന്റെ തട്ടിപ്പ്

അതിനിടെ, അരിക്കൊമ്പന് ഒരു ചാക്ക് അരി’ എന്ന പേരിൽ ഓൺലൈൻ ക്യാംപെയ്ൻ വഴി മൃഗസ്നേഹി ഗ്രൂപ്പിന്റെ അഡ്മിൻ ലക്ഷങ്ങൾ പിരിച്ചെടുത്തു. ചിന്നക്കനാലിൽ നിന്ന് മയക്കുവെടിവച്ച് പിടിച്ച് പെരിയാർ കടുവാസങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പന് വൈദ്യസഹായവും ഭക്ഷണവും എത്തിക്കാനെന്നു പറ‍ഞ്ഞാണു പ്രവാസികളിൽനിന്നടക്കം പണപ്പിരിവ്. അരിക്കൊമ്പനെ ചിന്നക്കനാലിലേക്കു തിരികെ കൊണ്ടുവരുന്നതിനായി സുപ്രീം കോടതിയിൽ കേസ് നടത്താനെന്ന പേരിലും സമൂഹമാധ്യമങ്ങൾ വഴി പണപ്പിരിവു നടന്നു.

സംഭവത്തെപ്പറ്റി അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഇന്നലെ ഹർജി നൽകി. അരിക്കൊമ്പന്റെ പേരിലുള്ള പണപ്പിരിവിനെപ്പറ്റി പ്രാഥമിക പരിശോധന നടത്താൻ നിർദേശം ലഭിച്ചിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് സ്പെഷൽ ബ്രാഞ്ച് അധികൃതരും പറയുന്നു.

എറണാകുളം സ്വദേശികളായ ചിലർ ചേർന്ന് ഏപ്രിൽ 30നു രൂപംകൊടുത്ത ‘എന്നും അരിക്കൊമ്പനൊപ്പം’ എന്ന വാട്സാപ് കൂട്ടായ്മ വഴി പിരിവു നടന്നെന്നാണു പരാതി. സൊസൈറ്റിയായി റജിസ്റ്റർ ചെയ്യും മുൻപേ ഗ്രൂപ്പിലെ പ്രവാസികളിൽ നിന്ന് എട്ടു ലക്ഷത്തോളം രൂപ പിരിച്ചതായി മറ്റ് അംഗങ്ങൾ ആരോപിക്കുന്നു.
അരിക്കൊമ്പനു വേണ്ടി ചിലർ ഏഴു ലക്ഷം രൂപ പിരിച്ചെന്നു വനം മന്ത്രി എ.കെ.ശശീന്ദ്രൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പിരിവു നടക്കുന്നതായി ചില കർഷക സംഘടനകളും ആരോപിക്കുന്നുണ്ട്. അരിക്കൊമ്പന്റെ പേരിൽ ഒട്ടേറെ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും ഫാൻസ് പേജുകളും നിലവിലുണ്ട്.