1980 കളിലാണ് കുടുംബവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഐക്യരാഷ്ട്രസഭ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത്. 1983-ൽ, സാമൂഹിക വികസന കമ്മീഷൻ വികസന പ്രക്രിയയിൽ കുടുംബത്തിന്‍റെ പങ്കിനെക്കുറിച്ചുള്ള പ്രമേയം അവതരിപ്പിച്ചിരുന്നു. 1993 മുതലാണ് എല്ലാ വർഷവും മെയ് 15 ന് അന്താരാഷ്ട്ര കുടുംബ ദിനമായി ആഘോഷിക്കുന്നത്.
കുടുംബങ്ങളുടെ മെച്ചപ്പെട്ട ജീവിത നിലവാരത്തിനും സാമൂഹിക പുരോഗതിയ്ക്കും വേണ്ടി ഐക്യരാഷ്ട്രസഭയും ലോക സമാധാന ഫെഡറേഷനുമാണ് ഈ ദിനം വിഭാവനം ചെയ്തത്. കുടുംബങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്നതിനും കുടുംബങ്ങളിൽ സ്വാധീനം ചെലുത്തുന്ന സാമൂഹിക, സാമ്പത്തിക, ജനസംഖ്യാപരമായ പ്രക്രിയകളെക്കുറിച്ചുള്ള അറിവ് വർധിപ്പിക്കുന്നതിനും അന്താരാഷ്ട്ര കുടുംബദിനം ജനങ്ങൾക്ക് അവസരം നൽകുന്നു.