കേരളത്തിന്റെ’ ജോർജ് വീണ്ടും കർണാടകയിൽ മന്ത്രി; കോട്ടയത്തും ആഘോഷം

കോട്ടയം: ചിങ്ങവനം സ്വദേശിയായ കേളചന്ദ്ര ജോസഫ് ജോർജ് എന്ന കെ.ജെ.ജോർജ് വീണ്ടും കർണാടക മന്ത്രിസഭയിൽ എത്തുമ്പോൾ നാട്ടിലെ ബന്ധുക്കളും സന്തോഷത്തിലാണ്. കെ.ജെ.ജോർജിന്റെ കുടുംബം 1960ൽ ആണ് കുടകിലേക്കു താമസം മാറുന്നത്. നാടുമായും ബന്ധുക്കളുമായുള്ള ബന്ധം എക്കാലവും സൂക്ഷിച്ചിരുന്നുവെന്ന് സഹോദരന്റെ മകനായ ജോസഫ് തോമസ് പറഞ്ഞു. കോട്ടയം ചിങ്ങവനത്ത് ചാക്കോ ജോസഫ് കേളചന്ദ്രയുടെയും മറിയാമ്മ ജോസഫിന്റെയും മകനായ ജോർജ്, കേളചന്ദ്ര ഗ്രൂപ്പിലൂടെ വ്യവസായ രംഗത്തും സജീവമാണ്.

വീരേന്ദ്ര പാട്ടീൽ മന്ത്രിസഭയിൽ (1989 നവംബർ മുതൽ 1990 ഒക്‌ടോബർ വരെ) ഗതാഗത, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയും എസ്.ബംഗാരപ്പ സർക്കാരിൽ (1990 ഒക്‌ടോബർ മുതൽ 1992 നവംബർ വരെ) ഭവന മന്ത്രിയും ആയി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. 2013–18 കാലഘട്ടത്തിൽ സിദ്ധരാമയ്യ സർക്കാരിൽ ബെംഗളൂരു വികസന മന്ത്രിയായായിരിക്കെ ഒട്ടേറെ ജനപ്രിയ മുന്നേറ്റങ്ങൾക്കു ചുക്കാൻ പിടിച്ചു. കുറച്ചുകാലം ആഭ്യന്തര വകുപ്പും കൈകാര്യം ചെയ്തു.

1968ൽ കോൺഗ്രസ് പ്രവർത്തകനായി രാഷ്‌ട്രീയ പ്രവേശം. 1969ൽ ഗോണിക്കൊപ്പ ടൗൺ യൂത്ത് കോൺഗ്രസ് പ്രസിഡന്റായി. 1971– 72ൽ വിരാജ്‌പേട്ട് താലൂക്ക് യൂത്ത് കോൺഗ്രസ് പ്രസിഡന്റ്, 1972–73ൽ കൂർഗ് ജില്ലാ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി, 1973–75 പ്രസിഡന്റ്, തുടർന്ന് കർണാടക പ്രദേശ് യൂത്ത് കോൺഗ്രസ് കമ്മിറ്റി ട്രഷറർ എന്നീ നിലകളിലും 1982ൽ ഇന്ത്യൻ യൂത്ത് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയായും പിന്നീട് കർണാടക പിസിസി ജനറൽ സെക്രട്ടറിയായും സേവനമനുഷ്‌ഠിച്ചു.

1983ൽ നിയമസഭയിലേക്കുള്ള കന്നിയങ്കത്തിൽ ജനതാദളിന്റെ മൈക്കൽ ഫെർണാണ്ടസിനോട് ജോർജ് തോറ്റു. 1985ലും 1989ലും ഭാരതി നഗറിൽനിന്ന് എംഎൽഎയായി. അടുത്ത അങ്കത്തിൽ വീണ്ടും പരാജയം. തുടർന്ന് പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായി.

2008ൽ സർവജ്ഞനഗർ മണ്ഡലം പിറന്ന ശേഷമുള്ള ആദ്യ വിജയം 22,608 വോട്ടുകളുടെ ഭൂരിപക്ഷത്തിന്. 2013ൽ 22,854 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ച് സീറ്റ് നിലനിർത്തി. 2018ലെ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി എം.എൻ.റെഡ്ഡിയെ വീഴ്ത്തിയത് 53,304 വോട്ടിന്റെ ഭൂരിപക്ഷത്തിന്. ഇത്തവണ ബിജെപിക്കായി രംഗത്തെത്തിയ ബെംഗളൂരു മഹാനഗരസഭ മുൻ കോർപറേറ്റർ കൂടിയായ പത്മനാഭ റെഡ്ഡിയെ 55,768 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചാണ് ജോർജ് മണ്ഡലം നിലനിർത്തിയത്.