സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ് ഇന്ന് സമ്പൂർണ്ണയോഗം ചേരും

സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ് ഇന്ന് സമ്പൂർണ്ണയോഗം ചേരും. തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, ഡയറക്ടർ, എഇഒ, ഡിഇഒ, ഡിഡിഇ, ആർഡിഡി തലം വരെയുള്ള ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. രാവിലെ 10:30ന് തിരുവനന്തപുരം ശിക്ഷക് സദനിലാണ് യോഗം.സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട കാര്യങ്ങൾ, പ്രവേശനോത്സവം, എസ്എസ്എൽസി – പ്ലസ് ടു ഫലങ്ങൾ, പ്ലസ് ടു പ്രവേശനം, സ്കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി, സ്കൂൾ വാഹനങ്ങളുടെ റിപ്പയറിങ്, ഉച്ചഭക്ഷണ പദ്ധതി, പാഠപുസ്തക – യൂണിഫോം വിതരണം, ലഹരി വിമുക്ത സ്കൂൾ ക്യാമ്പസ്, പ്രീ പ്രൈമറി ക്ലാസുകൾ, അക്കാദമിക മികവ് ഉയർത്താനുള്ള പദ്ധതികൾ,ഹയർസെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റം തുടങ്ങി വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും.

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 20 ന് പ്രസിദ്ധീകരിക്കും. മെയ് 25 നാണ് പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കുക. വേനലവധിക്കു ശേഷം ജൂൺ ഒന്നിന് തന്നെ സ്‌കൂൾ തുറക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.

ഈ വർഷം 4,19,362 റഗുലർ വിദ്യാർഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളുമാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്. ഗൾഫ് മേഖലയിൽ 518 വിദ്യാർഥികളും ലക്ഷദ്വീപിൽ 289 വിദ്യാർഥികളും ഇക്കൊല്ലം പരീക്ഷ എഴുതി. ഹയർ സെക്കൻഡറിയിൽ 4,42,067 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്