കിളിമാനൂർ : ടിക്കറ്റെടുത്ത സ്ഥലമെത്തിയിട്ടും ഇറങ്ങാതെ ബസിലിരുന്ന് ഉറങ്ങിയ യാത്രക്കാരനെ വിളിച്ചുണർത്തിയതിന് ബസ് ജീവനക്കാരെ ആക്രമിച്ചയാൾ അറസ്റ്റിൽ. കെ.എസ്.ആർ.ടി. ബസ് കണ്ടക്ടറെയും ഡ്രൈവറെയും ആക്രമിച്ചതിന് കല്ലറ, പള്ളിമുക്ക് ചരുവിളപുത്തൻവീട്ടിൽ റഹീ(38)മിനെയാണ് കിളിമാനൂർ പോലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റ് നടപടികൾക്കിടെ പോലീസ് സ്റ്റേഷനിലും, വൈദ്യപരിശോധനയ്ക്കിടെ ആശുപത്രിയിലും ഇയാൾ അക്രമം തുടർന്നതായി പോലീസ് പറഞ്ഞു. സംസ്ഥാന പാതയിൽ കാരേറ്റാണ് സംഭവം. തമ്പാനൂർ ഡിപ്പോയിൽ നിന്ന് കൊട്ടാരക്കരയ്ക്കു പോയ കെ.എസ്.ആർ.ടി.സി. ബസിൽ കാരേറ്റ് ഇറങ്ങുന്നതിനായി ടിക്കറ്റെടുത്ത് യാത്ര ചെയ്യുകയായിരുന്നു ഇയാൾ. കാരേറ്റ് എത്തിയിട്ടും ഇറങ്ങാതെ ബസിലിരുന്ന് ഉറങ്ങിയ യാത്രക്കാരനെ കണ്ടക്ടർ വിളിച്ചുണർത്തിയതോടെ അസഭ്യം വിളിച്ചുകൊണ്ട് ഇയാൾ കണ്ടക്ടർക്കു നേരേ അക്രമാസക്തനായി. കണ്ടക്ടറെ ആക്രമിച്ചതു തടയാൻ ശ്രമിച്ച ഡ്രൈവറെയും ഇയാൾ മർദിച്ചു. വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ബലപ്രയോഗത്തിലൂടെ ഇയാളെ കീഴ്പ്പെടുത്തി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. സ്റ്റേഷനിൽ എത്തിച്ചതോടെ പാറാവ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ പോലീസ് ഉൾപ്പെടെയുള്ളവരുടെ മുന്നിൽ വസ്ത്രങ്ങൾ ഊരിയെറിയുകയും അക്രമം തുടരുകയും ചെയ്തു.
തുടർന്ന് ആരോഗ്യപരിശോധനയ്ക്ക് എത്തിച്ച ആശുപത്രിയിലും ഇയാൾ അസഭ്യവും ബഹളവും തുടർന്നുവെന്ന് പോലീസ് അറിയിച്ചു. ആശുപത്രിയിലെ സുരക്ഷാജീവനക്കാരും പോലീസും ചേർന്ന് ബലപ്രയോഗത്തിലൂടെ പ്രതിയെ കീഴ്പ്പെടുത്തി ആരോഗ്യ പരിശോധന നടത്തി ചികിത്സ നൽകിയ ശേഷം സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ഇയാൾ മയക്കുമരുന്നിന് അടിമയാണെന്നും പാങ്ങോട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത നിരവധി കേസുകളിലെ പ്രതിയാണെന്നും പോലീസ് പറഞ്ഞു. കെ.എസ്.ആർ.ടി.സി. ബസ് ജീവനക്കാരെ മർദിച്ചതിനും, കൃത്യനിർവഹണം തടസ്സപ്പെടുത്തി ട്രിപ്പ് മുടക്കി നഷ്ടം വരുത്തിയതിനടക്കമുള്ള വകുപ്പുകൾ ചുമത്തി ഇയാൾക്കെതിരേ കേസെടുത്തതായി പോലീസ് പറഞ്ഞു.