പ്രശസ്ത സിനിമാനിര്‍മാതാവ് പി.കെ.ആര്‍ പിള്ള അന്തരിച്ചു. കണ്ണാറ മണ്ടന്‍ചിറയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ദീര്‍ഘകാലമായി വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ വീട്ടില്‍ കഴിയുകയായിരുന്നു. ചിത്രം, അമൃതംഗമയ, കിഴക്കുണരും പക്ഷി,വന്ദനം, അഹം, ഊമ പെണ്ണിന് ഉരിയാടാ പയ്യന്‍, എന്നിവയാണ് പികെആര്‍പി പിള്ള നിര്‍മിച്ച പ്രധാന ചിത്രങ്ങള്‍. ഷിര്‍ദ്ദിസായി ക്രിയേഷന്‍സ് എന്ന ബാനറിലാണ് ശ്രദ്ധേയമായ ഈ ചലച്ചിത്രങ്ങള്‍ പിറന്നത്.1984ലാണ് അദ്ദേഹം ആദ്യ ചിത്രം നിര്‍മിക്കുന്നത്. വെപ്രാളം എന്നായിരുന്നു ചിത്രത്തിന്റെ പേര്. മോഹന്‍ലാലിന്റെ കരിയറിലെ തന്നെ ഹിറ്റ് ചിത്രമായ പ്രിയദര്‍ശന്‍ സിനിമ ചിത്രം പി.കെ.ആര്‍ പിള്ളയുടെ സിനിമാ ജീവിതത്തിലേയും മലയാള സിനിമാ മേഖലയുടെ വളര്‍ച്ചയുടേയും നാഴികക്കല്ലായി. 26 ചിത്രങ്ങളാണ് അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചത്. ഇതില്‍ 16 ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും 10 ചിത്രങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.എറണാകുളം കൂത്താട്ടുകുളം സ്വദേശിയായ പി കെ ആര്‍ പിള്ള ബിസിനസ് ആവശ്യങ്ങള്‍ക്കായി മുംബൈയിലേക്ക് ചേക്കേറുകയായിരുന്നു. മുംബൈ മുന്‍സിപ്പാലിറ്റിയിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി അദ്ദേഹം മത്സരിച്ചിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോടുള്‍പ്പെടെ അടുത്ത ബന്ധമാണ് അദ്ദേഹം പുലര്‍ത്തിയിരുന്നത്.
12 വര്‍ഷം മുന്‍പ് ബിസിനസ് തകര്‍ന്നതോടെ അദ്ദേഹം തൃശൂരില്‍ താമസമാക്കി. ബോക്‌സ്ഓഫിസില്‍ അക്കാലത്ത് ഏറ്റവും കൂടുതല്‍ ഓടിയ ചിത്രമെന്ന് പേരുകേട്ട ചിത്രം സിനിമയുടെ നിര്‍മാതാവ് വാര്‍ധക്യത്തിലേക്ക് കടന്നതോടെ ഭക്ഷണത്തിനും മരുന്നിനും വകയില്ലാതെ കഷ്ടപ്പെടുകയാണെന്ന് കുറച്ചുകാലം മുന്‍പ് വാര്‍ത്തകള്‍ വന്നിരുന്നു. നടനും സംവിധായകനുമായ മധുപാല്‍ ഉള്‍പ്പെടെയുള്ളവര്‍ ഫേസ്ബുക്കിലൂടെ പി.കെ.ആര്‍ പിള്ളയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.