കോട്ടയത്ത് തോട്ടിൽ കുളിക്കാനിറങ്ങിയ പതിനഞ്ചുകാരൻ മുങ്ങി മരിച്ചു.

കോട്ടയം ആർപ്പൂക്കരയിൽ തോട്ടിൽ കുളിക്കാനിറങ്ങിയ പതിനഞ്ചുകാരൻ മുങ്ങി മരിച്ചു. മീനച്ചിലാറിന്റെ കൈവഴിയായ തോട്ടിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ ആർപ്പൂക്കര വില്ലൂന്നി പുതുശേരി വീട്ടിൽ ഡെറി ജോണിന്റെ മകൻ ഏദൻ (15) ആണ് മരിച്ചത്.
വൈകുന്നേരം ആറു മണിയോടെയായിരുന്നു സംഭവം.
      
ഏദനും പത്തോളം സുഹൃത്തുക്കളും ചേർന്നു നീന്തൽ പഠിക്കുന്നതിനും നീന്തുന്നതിനും ചൂണ്ട ഇടുന്നതിനുമായാണ് പുലിക്കുട്ടിശേരിയ്ക്ക് എതിർ വശത്തുള്ള മീനച്ചിലാറിന്റെ കൈവഴിയിൽ എത്തിയത്. കുട്ടികൾ നീന്തുകയും നീന്തൽ പരിശീലനം നടത്തുകയും ചെയ്തുവെങ്കിലും നീന്തലറിയാതെ വെള്ളത്തിലിറങ്ങിയ ഏദൻ മുങ്ങിപ്പോകുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ബഹളം വച്ചതോടെ ഓടിയെത്തിയ നാട്ടുകാർ ചേർന്ന് വെള്ളത്തിൽ നടത്തിയ തിരച്ചിലിലാണ് ഏദന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തു.