എൻ്റെ കേരളം പ്രദർശന മേള.കുടിവെള്ളം ശുദ്ധമാണോ എന്നറിയാണോ? വരൂ..സൗജന്യ പരിശോധന കനകക്കുന്നിൽ.

നിങ്ങൾ കുടിക്കുന്നത് ശുദ്ധജലം തന്നെയാണോ? നിങ്ങളുടെ കൃഷിയിടത്തിൽ എത്ര വളം ചെയ്തിട്ടും നല്ല വിളവ് ലഭിക്കുന്നില്ലേ? എങ്കിൽ അതിനൊക്കെ പരിഹാരമുണ്ട്. എന്റെ കേരളം പ്രദർശന വിപണന മേളയിലെ സഞ്ചരിക്കുന്ന ലാബുകൾ നിങ്ങൾക്കും പ്രയോജനപ്പെടുത്താം.

മെഗാ മേളയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് സഞ്ചരിക്കുന്ന ഭക്ഷ്യ സുരക്ഷാ ലാബ് പ്രവർത്തിക്കുന്നത്. ഇതിനോടകം മികച്ച പ്രതികരണമാണ് പൊതുജനങ്ങളിൽ നിന്നും ലാബിന് ലഭിക്കുന്നത്. ജലത്തിലെ PH മൂല്യം , പാലിലെ മായം കണ്ടെത്തൽ, ഭക്ഷ്യ എണ്ണയുടെ പരിശോധന, ഇ-കോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം, അമോണിയയുടെ അളവ്, മൈക്രോബയോളജി ടെസ്റ്റുകൾ തുടങ്ങിയവയും ലാബിൽ പരിശോധിക്കും. മുളക്പൊടിയിലെ ചുടുകട്ടയുടെ സാന്നിധ്യം കണ്ടെത്തൽ, കുരുമുളക് പൊടിയിലെ പപ്പായ വിത്തിന്റെ സാന്നിധ്യം കണ്ടെത്തുന്ന പരിശോധനയും സഞ്ചരിക്കുന്ന ഭക്ഷ്യ സുരക്ഷാ ലാബിൽ ലഭ്യമാണ്. രാവിലെ 10 മണിമുതൽ രാത്രി 9 മണിവരെ ലഭിക്കുന്ന സേവനങ്ങൾ തികച്ചും സൗജന്യമാണ്. മണിക്കൂറുകൾക്കുള്ളിൽ പരിശോധനാഫലവും ലഭ്യമാകുമെന്നത് ഈ സേവനത്തിന്റെ പ്രത്യേകതയാണ്.

കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന സഞ്ചരിക്കുന്ന മണ്ണ് പരിശോധന ശാല ഏറെ ശ്രദ്ധേയമായ മറ്റൊരു മൊബൈൽ യൂണിറ്റാണ്. മണ്ണിലെ വിവിധ പോഷകങ്ങളുടെ രാസ ഭൗതിക ഘടകങ്ങൾ പരിശോധിച്ച് ഫലം നൽകുന്നതിനൊപ്പം പരിശോധിച്ച മണ്ണിന് ആവശ്യമായ വളവും സഞ്ചരിക്കുന്ന മണ്ണ് പരിശോധന ശാലയിൽ നിർദേശിക്കുന്നു. മണ്ണിലെ PH, ലവണാംശം, നൈട്രജൻ, ഫോസ്ഫറസ് എന്നിവയാണ് പരിശോധിക്കുന്നത്. സഞ്ചരിക്കുന്ന മണ്ണ് പരിശോധന ശാലയിൽ സാമ്പിൾ പരിശോധനയ്‌ക്കെടുക്കുന്ന അതേ ദിവസം തന്നെ പരിശോധനാഫലവും വാട്സാപ്പിലോ മെയിലിലോ ലഭിക്കുന്നതാണ്. കനകക്കുന്നിലെ മെഗാ മേളയിൽ മണ്ണ് പരിശോധന തീർത്തും സൗജന്യമാണ്. രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ മണ്ണ് പരിശോധിക്കും.

എന്റെ കേരളം പ്രദർശന വിപണന മേളയിൽ 
കുടുംബശ്രീയും ഹെൽത്ത്‌ ആക്ഷൻ ബൈ പീപ്പിൾ എന്ന സംഘടനയും സംയുക്തമായി നടത്തുന്ന സാന്ത്വനം സ്റ്റാളിൽ രക്തസമ്മർദ്ദം, കൊളസ്ട്രോൾ, പ്രമേഹം, ശരീരഭാരം എന്നിവ മിതമായ നിരക്കിൽ പരിശോധിക്കുന്നതാണ്. ജീവിതശൈലി രോഗ നിർണയങ്ങളുടെ ഫലം മൂന്ന് മിനിട്ടിനുള്ളിൽ ലഭിക്കും.

 #ഒരുമയോടെtvm #orumayodetvm