മൂന്ന് പുലികള്‍ സ്റ്റേഷന് പുറകിലൂടെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒന്നിന് പുറകെ ഒന്നായി പുലികള്‍ നടന്നു പോകുന്നതായി ദൃശ്യങ്ങളില്‍ കാണാം. നിരവധി തൊഴിലാളികള്‍ ദിവസവും കടന്നു പോകുന്ന സ്ഥലമായതിനാൽ വിവരം അറിഞ്ഞതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലാണ്.
തമിഴ്നാട് അതിര്‍ത്തിയോട് തൊട്ടു കിടക്കുന്ന സ്ഥലമാണ് മലക്കപ്പാറ. ഫോറസ്റ്റ് എരിയകൂടിയാണിത്. കടുവ ശല്യം നിലനില്‍ക്കുന്ന വാല്‍പ്പാറയും ഇതിനു സമീപ പ്രദേശം തന്നെയാണ്. സ്റ്റേഷന് പിറകില്‍ സ്ഥാപിച്ച ക്യാമറയിലാണ് പുലിക്കൂട്ടത്തെ കണ്ടത്. മൂന്നു പുലികളെയാണ് കണ്ടത്. ഇതില്‍ അവസാനം വരുന്നത് പുലിയാണോ കടുവയാണോ എന്ന സംശയവുമുണ്ട്. പോലീസിന്റെ കൈവശമുള്ള ദൃശ്യങ്ങള്‍ ഫോറസ്റ്റ് വിഭാഗത്തിനും നാട്ടുകാര്‍ക്കും കൈമാറിയിട്ടുണ്ട്. ഒപ്പം ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.രാത്രി സമയങ്ങളിലാണ് പുലികളും കടുവകളും സഞ്ചരിക്കുന്നത്. അതിനാല്‍ പോലീസ് തോട്ടം തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തൊഴിലാളി ലയങ്ങളും ഇതിനു സമീപമുണ്ട്. തൊഴിലാളികള്‍ രാവിലെയും രാത്രിയുമൊക്കെ ഇറങ്ങി നടക്കുന്ന സ്ഥലങ്ങളാണിത്. ഇതിനു മുന്‍പും കടുവയെയും പുലിയേയുമൊക്കെ ഇവിടെ കണ്ടിട്ടുണ്ട്. കരടി ആക്രമണവും ഇവിടെയുണ്ടായിട്ടുണ്ട്. മുന്‍പ് ഇവിടെ പുലി ആളുകളെ കണ്ടിട്ടുണ്ട്. പുലി ആക്രമണവുമുണ്ടായിട്ടുണ്ട്. ഇവിടെയുള്ള ഒരു കോളനിയിലെ സ്ത്രീയെ മുന്‍പ് പുലി പിടിച്ചിട്ടുണ്ട്. പെരുമ്പാറ കോളനിയിലെ ഒരാളെയും പുലി പിടിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ആളുകള്‍ ഭീതിയിലാണ്.
ഇതിനു മുന്‍പും എവിടെ പുലികളെ കണ്ടിട്ടുണ്ട്. ആളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്-മലക്കപ്പാറ പോലീസ് ഇന്ത്യാ ടുഡേയോട് പറഞ്ഞു. ദൃശ്യങ്ങള്‍ ഫോറസ്റ്റിന് കൈമാറിയിട്ടുണ്ട്. ഫോറസ്റ്റ് ഏരിയയായതിനാല്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുക എന്നതാണ് ചെയ്യാനുള്ളത്. പുലിയിറങ്ങിയ കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്-പോലീസ് പറയുന്നു.