കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തിളക്കമാർന്ന വിജയത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി. കർണാടകയിൽ വെറുപ്പിന്റെ കട പൂട്ടി സ്നേഹത്തിന്റെ കട തുറന്നുവെന്നും ഇത് എല്ലാ സംസ്ഥാനത്തും ആവർത്തിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇത് ജനങ്ങളുടെ വിജയമാണ്. ചങ്ങാത്ത മുതലാളിത്തത്തിന് മേലുള്ള വിജയമാണിത്.കർണാടകയിൽ സാധാരണക്കാരുടെ ശക്തി വിജയിച്ചു.പോരാട്ടം നടത്തിയത് സ്നേഹത്തിന്റെ ഭാഷയിലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കും. സാധാരണക്കാരനൊപ്പം പാർട്ടിയുണ്ടാകുമെന്ന് രാഹുൽ വ്യക്തമാക്കി. എഐസിസി ആസ്ഥാനത്ത് നേരിട്ടെത്തിയാണ് രാഹുൽ പ്രതികരണമറിയിച്ചത്.സംസ്ഥാനത്ത് ആകെയുള്ള 224 സീറ്റിൽ കേവലഭൂരിപക്ഷമായ 113 ഉം കടന്ന് 134 സീറ്റിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപി 65 സീറ്റിലേക്ക് താഴ്ന്നു. ജെഡിഎസിനും കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. 22 സീറ്റിലാണ് ജെഡിഎസ് ലീഡ് ചെയ്യുന്നത്. ജെഡിഎസ് പിന്തുണയോടെ ബാഗേപ്പള്ളിയിൽ മത്സരിച്ച സിപിഎമ്മിനും കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. ഇവിടെയും കോൺഗ്രസ് തന്നെ വിജയിച്ചു.