സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളില്‍ മിന്നല്‍ പരിശോധന

തിരുവനന്തപുരം. പാലക്കയം കൈക്കൂലി കേസിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളില്‍ മിന്നല്‍ പരിശോധന. ലാന്റ് റവന്യൂ കമ്മിഷണറേറ്റിലെ ഉന്നതാധികൃതരാണ് പരിശോധന നടത്തിയത്. പാലക്കയം കേസ് അന്വേഷിക്കാന്‍ റവന്യൂ ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ആഭ്യന്തര അന്വേഷണ സംഘത്തെ റവന്യൂവകുപ്പ് നിയോഗിച്ചു. ഇതിനിടെ, കൈക്കൂലി കേസില്‍ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് സുരേഷ്‌കുമാറിനെ വിജിലന്‍സ് കസ്റ്റഡിയില്‍ വിട്ടു.

പാലക്കയം വില്ലേജ് അസിസ്റ്റന്റ് കൈക്കൂലി കേസില്‍ പിടിയിലായപശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളില്‍ റവന്യൂ വകുപ്പിന്റെ മിന്നല്‍ പരിശോധന. ലാന്റ് റവന്യൂ കമ്മിഷണറേറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന. വില്ലേജിലെ രേഖകള്‍, വെബ്‌സൈറ്റില്‍ പോക്ക് വരവ് അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുണ്ടോ, ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട അപേക്ഷകള്‍ സീനയോറിറ്റി മറികടന്ന് തീര്‍പ്പാക്കിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിച്ചത്. അപേക്ഷകളില്‍ തീരുമാനമെടുക്കുന്നത് വൈകിപ്പിച്ച് കൈക്കൂലിക്ക് സാധ്യത സൃഷ്ടിക്കുന്നുണ്ടോയെന്ന് കണ്ടെത്തുകയാണ് പരിശോധനയുടെ ലക്ഷ്യം.

വിവിധ ഡെപ്യൂട്ടി കളക്ടര്‍മാരുടേയും സീനിയര്‍ സൂപ്രണ്ടുമാരുടേയും നേതൃത്വത്തില്‍ 14 ടീമുകളായി തിരിഞ്ഞായിരുന്നു പരിശോധന. സേവനാവകാശ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്ന ചുരുങ്ങിയ സമയത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റുകളും സേവനങ്ങളും നല്‍കണമെന്നാണ് നിര്‍ദ്ദേശം. പരിശോധനയുടെ റിപ്പോര്‍ട്ട് നാളെ റവന്യൂമന്ത്രിക്ക് സമര്‍പ്പിക്കും. പാലക്കയം കൈക്കൂലി കേസില്‍ റവന്യൂ വകുപ്പിന്റെ ആഭ്യന്തര അന്വേഷണം നാളെ തുടങ്ങും.

ഇതിനായി റവന്യൂ ജോയിന്റ് സെക്രട്ടറി ജെ.ബിജുവിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു. പാലക്കയം കൈക്കൂലി കേസില്‍ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ മൂന്നു ദിവസത്തെ വിജിലന്‍സ് കസ്റ്റഡിയില്‍ വിട്ടു. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് കസ്റ്റഡി അനുവദിച്ചത്. ഇയാള്‍ പണം സ്വരൂപിച്ച വഴി കണ്ടെത്തുകയാണ് വിജിലന്‍സിന്റെ പ്രധാന ലക്ഷ്യം.