കൊല്ലത്ത് മദ്യലഹരിയില്‍ എത്തിച്ച പ്രതിയുടെ വൈദ്യപരിശോധന നടത്താനാകില്ലെന്ന് ഡോക്ടര്‍മാര്‍

കൊല്ലം:അക്രമിക്കുമെന്ന ഭയത്താല്‍ മദ്യപിച്ച്‌ ലക്കുകെട്ട പ്രതിക്ക്‌ വൈദ്യപരിശോധന നടത്താനാവില്ലെന്ന് അറിയിച്ച്‌ ഡോക്ടര്‍മാര്‍.

കൊല്ലം ജില്ലാ ആശുപത്രിയില്‍ ശനിയാഴ്ച വൈകുന്നേരം എത്തിച്ച അയത്തില്‍ സ്വദേശി വിഷ്ണുവിനെ പരിശോധിക്കുന്നതില്‍ നിന്നാണ് ഡോക്ടര്‍മാര്‍ പൊലിസിനോട് വിസമ്മതം അറിയിക്കുകയുണ്ടായത്.

മൂന്ന് പൊലീസുകാര്‍ ചേര്‍ന്നാണ് കൈവിലങ്ങ് അണിയിച്ച്‌ പ്രതിയെ ആശുപത്രിയില്‍ എത്തിച്ചത്. പുറത്തിറങ്ങിയാല്‍ കാണിച്ചു തരാമെന്ന് ഇയാള്‍ ഡോക്ടര്‍മാരോട് ഭീഷണി മുഴക്കിയിട്ടുമുണ്ട് . പൊലീസുകാര്‍ വിഷ്ണുവിനെ ബലമായി പിടിച്ചു നിര്‍ത്തുകയായിരുന്നു. എന്നാല്‍ സംഭവത്തില്‍ പരാതി നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായിട്ടില്ല.

തിരികെ സ്റ്റേഷനില്‍ എത്തിച്ച വിഷ്ണുവിനെതിരെ പൊലീസ് സ്വമേധയാ കേസ് എടുത്ത ശേഷം ജാമ്യം നല്‍കി ഭാര്യയ്ക്കൊപ്പം വിട്ടയച്ചു. ആശുപത്രിയില്‍ എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതി ഡോക്ടര്‍മാരെ ആക്രമിച്ചെന്ന് ആരോപണം ഉന്നയിക്കുകയുണ്ടായി.