ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ചതിൽ മൂന്നാമത്തെ ചീറ്റയും ചത്തു.,മറ്റു ചീറ്റകളുമായി ഏറ്റുമുട്ടി, മാരക മുറിവ്

ഭോപ്പാൽ: ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റ പുലികളിൽ ഒന്ന് കൂടി ചത്തു. ദക്ഷിണാഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന ദക്ഷ എന്നു പേരിട്ട പെൺ ചീറ്റയാണ് കുനോ നാഷണൽ പാർക്കിൽ ചത്തത്. മറ്റു ചീറ്റകളുമായി ഏറ്റുമുട്ടി മാരകമായി മുറിവേറ്റതാണ് ഈ ചീറ്റയുടെ മരണ കാരണം. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച എട്ട് ചീറ്റകളിൽ രണ്ടെണ്ണം നേരത്തെ ചത്തിരുന്നു. ആ രണ്ട് ചീറ്റകളും അസുഖം ബാധിച്ചാണ് ചത്തത്. ഇതോടെ ആകെ ചത്ത ചീറ്റകളുടെ എണ്ണം മൂന്നായി.

കഴിഞ്ഞ മാസം ഉദയ് എന്ന ചീറ്റ കുനോ നാഷണൽ പാർക്കിൽ അസുഖം ബാധിച്ച് ചികിത്സയിലിരിക്കെ ചത്തിരുന്നു. അതിന് മുന്നത്തെ മാസം കിഡ്നി സംബന്ധമായ അസുഖം കാരണം സാഷ എന്ന ചീറ്റ പുലിയും ചത്തിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് ആഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ ചീറ്റപ്പുലികളെ എത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ ചീറ്റകളെ കൂടുതുറന്ന് വിട്ടത്.അതേസമയം കുനോ ദേശീയ പാർക്കിൽ ആഫ്രിക്കയിൽ നിന്നെത്തിച്ച പെൺ ചീറ്റപ്പുലികളിലൊന്നായ സിയായ കഴിഞ്ഞ മാസം നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. അമ്മയും കുഞ്ഞുങ്ങളും ആരോ​ഗ്യത്തോടെയിരിക്കുന്നുവെന്നാണ് വിവരം. ഇന്ത്യയിലെ കാലാവസ്ഥയുമായി ഇണങ്ങിയതെന്നതിന്റെ തെളിവാണ് പെൺചീറ്റ പ്രസവിച്ചതെന്ന് ചീറ്റ കൺസർവേഷൻ പ്രൊജക്ട് അധികൃതർ അന്ന് പറഞ്ഞിരുന്നു. നേരത്തെ ആശയെന്ന പെൺചീറ്റ ​ഗർഭിണിയായിരുന്നെങ്കിലും പിന്നീട് ​ഗർഭം അലസിയിരുന്നു. എന്നാൽ സാഷക്ക് പിന്നാലെ ഉദയും ദക്ഷയും ചത്തത് അധികൃതരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. എന്താണ് ദക്ഷയുടെ മരണകാരണം എന്നറിയാനുള്ള ശ്രമത്തിലാണ് ഏവരും.