എല്ലാവരും ഇവിടംവിട്ട് പോകേണ്ടവരാണ് എന്ന തികഞ്ഞ ബോധ്യമുണ്ടെങ്കിലും നമ്മള്‍ ജീവിച്ചിരിക്കുന്നിടത്തോളംകാലം ഇവരൊക്കെ കൂടെയുണ്ടാകണം എന്ന് ആഗ്രഹിച്ചുപോകുന്നു. അതൊരു ധൈര്യമാണ്. സന്തോഷമാണ്.
കഴിഞ്ഞ ദിവസം വീണ്ടും കുടുംബത്തോടെ ഇരിങ്ങാലക്കുടയില്‍ പോയി. വെയില്‍ ചാഞ്ഞുതുടങ്ങിയിരുന്നു. വേനല്‍ച്ചൂടിനെ നേര്‍ത്ത കാറ്റ് വീശിയകറ്റുന്നുണ്ടായിരുന്നു. 'പാര്‍പ്പിട'ത്തിന്റെ ഗേറ്റ് തുറന്നുകിടക്കുകയാണ്. പുറത്തൊന്നും ആരുമില്ല. മുറ്റത്ത് കാര്‍ നിര്‍ത്തി ഞാനിറങ്ങി. ഒഴിഞ്ഞ വരാന്തയില്‍ ഇന്നസെന്റ് എപ്പോഴും ഇരിക്കാറുള്ള ചാരുകസേര! ആ കസേരയിലിരുന്നാണ് 'കേറിവാ സത്യാ' എന്ന് ഇന്നസെന്റ് ക്ഷണിക്കാറുള്ളത്. വല്ലാത്തൊരു ശൂന്യത.
അധികം വൈകാതെ ആലീസും സോണറ്റുമൊക്കെ എത്തി. അവര്‍ സെമിത്തേരിയില്‍ പോയതായിരുന്നു. ഇന്നസെന്റിന്റെ കല്ലറയില്‍ പ്രാര്‍ഥിക്കാന്‍.
''എന്നും വൈകുന്നേരം ഞങ്ങളവിടെ പോകും. അപ്പച്ചന്‍ കൂടെയുള്ളതുപോലെ തോന്നും'', സോണറ്റ് പറഞ്ഞു.
''എപ്പോള്‍ ചെന്നാലും അവിടെ കുറെ പൂക്കള്‍ ഇരിപ്പുണ്ടാകും. നമ്മള്‍പോലുമറിയാത്ത എത്രയോ പേര്‍ നിത്യവും അവിടെവന്ന് പൂക്കളര്‍പ്പിച്ച് പ്രാര്‍ഥിക്കുന്നു. ആളുകളുടെ ഈ സ്നേഹമാണ് ഇപ്പോള്‍ ഞങ്ങളെ കരയിക്കുന്നത്. അപ്പച്ചന്‍ ഇതറിയുന്നില്ലല്ലോ എന്ന സങ്കടം.''
സ്നേഹസമ്പന്നനായിരുന്നു ഇന്നസെന്റ്. ഷൂട്ടിങ് സെറ്റില്‍ ക്യാമറാമാന്‍ ലൈറ്റിങ് നടത്തിക്കൊണ്ടിരിക്കുന്ന ഇടവേളകളില്‍ ഞങ്ങളൊക്കെ ഇന്നസെന്റിനുചുറ്റും കൂടും. എത്രയെത്ര കഥകളാണ് ഇന്നസെന്റ് പറയുക! നര്‍മത്തിലൂടെ എത്രയെത്ര അറിവുകളാണ് അദ്ദേഹം പകര്‍ന്നു നല്‍കുക.
പുതിയ വീട്ടിലേക്ക് താമസം മാറ്റിയിട്ട് ഒരുവര്‍ഷം കഴിഞ്ഞിട്ടേയുള്ളൂ. ഞാന്‍ പരിചയപ്പെട്ടതിനുശേഷം ഇന്നസെന്റ് പണിതീര്‍ത്ത നാലാമത്തെ വീടാണ് ഇപ്പോഴത്തെ പാര്‍പ്പിടം.
എല്ലാ വീടുകള്‍ക്കും 'പാര്‍പ്പിടം' എന്നുതന്നെയാണ് പേരിടുക. പുതിയവീട് കുറേക്കൂടി സൗകര്യമുള്ളതാണ്. വിശാലമായ സ്വീകരണമുറി. മുകളിലെ നിലകളിലേക്കു പോകാന്‍ സ്റ്റാര്‍ ഹോട്ടലുകളില്‍ ഉള്ളതിനേക്കാള്‍ ഭംഗിയുള്ള ലിഫ്റ്റ്!
''ഇതെന്തിനാ ഇന്നസെന്റേ ലിഫ്റ്റ്?'' എന്ന് വീടുപണി നടക്കുന്ന സമയത്ത് ഞാന്‍ ചോദിച്ചിരുന്നു.
''വയസ്സായി കോണികയറാനൊക്കെ ബുദ്ധിമുട്ടാകുന്ന കാലത്ത് ഇതൊക്കെ ഉപകാരപ്പെടും.''
പക്ഷേ, ആ കാലത്തിനുവേണ്ടി ഇന്നസെന്റ് കാത്തുനിന്നില്ല. എല്ലാ സൗകര്യങ്ങളും തന്റെ പ്രിയപ്പെട്ടവര്‍ക്ക് വിട്ടുകൊടുത്ത് മൂപ്പരങ്ങുപോയി.
പുതിയ വീട്ടില്‍ താമസം തുടങ്ങിയ സമയത്ത് ഒരുദിവസം ഇന്നസെന്റ് പറഞ്ഞു:
''ചില സന്ദര്‍ശകരുണ്ട്. അത് ബന്ധുക്കളോ പരിചയക്കാരോ ആകാം. നമ്മളെയൊന്ന് കൊച്ചാക്കിക്കാണിക്കാന്‍ വലിയ താത്പര്യമാണ്. ഈയിടെ വന്ന ഒരാള്‍ ചോദിച്ചു, ഇന്നസെന്റേട്ടന്റെ ഹൈസ്‌കൂളിലെ ഗ്രൂപ്പ് ഫോട്ടോ ഒന്നും ഇവിടെ കാണുന്നില്ലല്ലോ.''
പണ്ട് പത്താംക്ലാസിലെ പരീക്ഷ കഴിഞ്ഞാല്‍ ഹെഡ്മാസ്റ്ററോടൊപ്പം ഇരുന്ന് കുട്ടികളുടെ ഫോട്ടോ എടുക്കുന്ന പതിവുണ്ട്. പല വീടുകളിലും ആ ഫോട്ടോ ഫ്രെയിം ചെയ്ത് വയ്ക്കാറുമുണ്ട്. അത് കാണുന്നില്ലല്ലോ എന്ന് ചോദിക്കുന്നതിന്റെ അര്‍ഥം നിങ്ങള്‍ പത്താംക്ലാസുവരെ പഠിച്ചിട്ടില്ലല്ലോ എന്ന ഓര്‍മപ്പെടുത്തല്‍ തന്നെയാണ്. ഇന്നസെന്റ് അയാളോട് പറഞ്ഞു:
''സ്‌കൂളിലെ ഗ്രൂപ്പ് ഫോട്ടോ ഇല്ല. പക്ഷേ, വേറൊരു ഫോട്ടോ ഉണ്ട്.''
എന്നിട്ട് ഒരു ചുമരിന്റെ മുഴുവന്‍ വലുപ്പത്തില്‍ പതിച്ചു വെച്ചിട്ടുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ ഗ്രൂപ്പ്‌ഫോട്ടോ കാണിച്ചുകൊടുത്തു. അതില്‍ ഇന്നസെന്റിന്റെകൂടെ നില്‍ക്കുന്നത് നരേന്ദ്രമോദിയടക്കമുള്ള കേന്ദ്രമന്ത്രിമാരും രാഹുല്‍ഗാന്ധിയും സോണിയാഗാന്ധിയുമൊക്കെയാണ്.
സന്ദര്‍ശകന്റെ പരിഹാസമുന ഒടിഞ്ഞു. അധികനേരം അവിടെ നില്‍ക്കാതെ അയാള്‍ സ്ഥലംവിട്ടു.
ഇപ്പോള്‍ ഇന്നസെന്റ് ഇല്ലാത്ത വീട്ടില്‍ ഞാനാ ഫോട്ടോയുടെ മുന്നില്‍ നില്‍ക്കുകയാണ്. ഇന്ത്യയുടെ ഭരണം നിയന്ത്രിക്കുന്ന സഭയിലേക്ക് ജനങ്ങള്‍ തിരഞ്ഞെടുത്തയച്ചതാണ് ആ മനുഷ്യനെ. അന്ന് ടി.വി. ചാനലുകളുടെ ചര്‍ച്ചയിലിരുന്ന് പല പ്രഗല്ഭരും കളിയാക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഇംഗ്ലീഷ്‌പോലുമറിയാത്ത ഈ സിനിമാനടന്‍ അവിടെചെന്ന് എന്തുചെയ്യാനാണ് എന്നൊക്കെയായിരുന്നു പരിഹാസം. രാഷ്ട്രഭാഷയായ ഹിന്ദിയില്‍ അനായാസം സംസാരിക്കാന്‍ കഴിയുമെന്നിരിക്കെ ഇംഗ്ലീഷ് എന്തിന് എന്ന് ഇന്നസെന്റ് അവരോട് ചോദിച്ചില്ല. പക്ഷേ, അറിയാവുന്നവര്‍ക്ക് അത് അറിയാമായിരുന്നു. പാര്‍ലമെന്റിന്റെ ആദ്യസമ്മേളനത്തില്‍ പങ്കെടുത്തുവന്ന സമയത്ത് ഇന്നസെന്റ് പറഞ്ഞു: ''പണ്ട് തുകല്‍ബാഗ് വ്യാപാരത്തിന് ബോംബെയില്‍ കറങ്ങി നടന്ന കാലത്ത് കിട്ടിയതാണ് ഹിന്ദി. വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ എം.പി.യായി ഡല്‍ഹിയിലെത്തുമെന്ന് കര്‍ത്താവ് മുന്‍കൂട്ടി അറിഞ്ഞുകാണും.''
വടക്കേ ഇന്ത്യക്കാരായ പല എം.പി.മാരും ഇന്നസെന്റിന്റെ സുഹൃത്തുക്കളായിരുന്നുവെന്ന് ഇന്നത്തെ മന്ത്രി എം.ബി. രാജേഷ് എന്നോട് പറഞ്ഞിട്ടുണ്ട്. രാജേഷും അന്ന് എം.പി.യായിരുന്നു. 'കാന്‍സര്‍ വാര്‍ഡിലെ ചിരി' എന്ന തന്റെ പുസ്തകത്തിന്റെ ഇറ്റാലിയന്‍ ഭാഷയിലിറങ്ങിയ പതിപ്പ് സോണിയാഗാന്ധിക്ക് കൊടുത്തപ്പോള്‍ അരമണിക്കൂറോളമാണ് അവര്‍ ഇന്നസെന്റുമായി സംസാരിച്ചത്. കാന്‍സര്‍ എന്ന രോഗത്തെക്കുറിച്ചും ഇന്നസെന്റ് അതിനെ നേരിട്ടതിനെക്കുറിച്ചുമാണ് സോണിയ ചോദിച്ചറിഞ്ഞത്. വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാനുള്ള അഭ്യാസങ്ങളൊന്നും എം.പി.യായിരുന്ന കാലത്ത് അദ്ദേഹം നടത്തിയിട്ടില്ല. തന്റെ മണ്ഡലത്തിനു വേണ്ടി തന്നെക്കൊണ്ടാവുന്നതൊക്കെ ചെയ്തു.
ഇന്നസെന്റ് എം.പി.യായിക്കഴിഞ്ഞ ഉടനെ ചാലക്കുടി മണ്ഡലത്തില്‍ പൂര്‍ത്തിയായ ഒരു പാലത്തിന്റെ ഉദ്ഘാടനമുണ്ടായിരുന്നു. എം.പി. ഫണ്ടിന്റെ സഹായത്തോടെ നിര്‍മ്മിച്ച പാലമാണ്. തന്റെ വലിയൊരു ഫ്ളക്‌സ് പാലത്തിനടുത്ത് ഉയര്‍ത്താനൊരുങ്ങിയ പ്രവര്‍ത്തകരോട് ഇന്നസെന്റ് പറഞ്ഞുവത്രേ: ''എന്റെ പടമല്ല. കഴിഞ്ഞതവണ എം.പി. ആയിരുന്ന ധനപാലന്റെ പടമാണവിടെ വയ്ക്കേണ്ടത്. അദ്ദേഹമാണ് ഈ പദ്ധതിക്കുവേണ്ടി ശ്രമിച്ചിട്ടുള്ളത്.''
കേവലം ഒരു രാഷ്ട്രീയക്കാരന് ഇത് പറയാന്‍ പറ്റില്ല. ഇന്നസെന്റ് മണ്ണില്‍ കാലു തൊട്ടു നില്‍ക്കുന്ന പച്ച മനുഷ്യനായിരുന്നു. കാപട്യം കലരാത്ത രാഷ്ട്രീയക്കാരനായിരുന്നു.
പണ്ടൊക്കെ 'പാര്‍പ്പിട'ത്തില്‍ ചെന്നാല്‍ ഇന്നസെന്റിനെക്കാള്‍ കൂടുതല്‍ നമ്മളെ ചിരിപ്പിക്കുക ആലീസാണ്. മുഖത്തൊരു ഭാവവ്യത്യാസവുമില്ലാതെയാണ് ആലീസ് തമാശ പറയുക. ഇന്നസെന്റിനുപോലും ചിലപ്പോള്‍ ഉത്തരം മുട്ടിപ്പോകും.
സുഖത്തിലും ദുഃഖത്തിലും ഒപ്പമുണ്ടായിരുന്ന കൂട്ടുകാരി ഇന്ന് തനിച്ചായിരിക്കുന്നു. സോണറ്റും രശ്മിയും അന്നയും ഇന്നുവുമൊക്കെ കൂട്ടിനുണ്ടെങ്കിലും ഒറ്റപ്പെട്ട ഒരു തുരുത്തില്‍ അകപ്പെട്ടുപോയതുപോലെയാണിപ്പോള്‍ ആലീസ്. കരഞ്ഞുകരഞ്ഞ് കണ്ണീര്‍ ഗ്രന്ഥികള്‍ വറ്റിപ്പോയിരിക്കുന്നു. മുഖത്തെ കുസൃതിയും പ്രസന്നതയും മാഞ്ഞു പോയിരിക്കുന്നു.
''ആലീസ് പഴയതുപോലെയാകണം.'' ഞാന്‍ പറഞ്ഞു.
സങ്കടങ്ങള്‍ കാണാന്‍ ഇഷ്ടമില്ലാത്ത ആളാണ് ഇന്നസെന്റ്. മാരകമായ അസുഖത്തെപ്പോലും കോമഡിയാക്കിയ മാന്ത്രികനാണ്. ഈ വീട്ടില്‍ ചിരിയും തമാശകളും വീണ്ടും നിറയണം. എവിടെയിരുന്നാലും ഇന്നസെന്റ് അത് ആഗ്രഹിക്കുന്നുണ്ട്.
അപാരമായ നര്‍മബോധമുള്ള ആളാണ് ഇന്നസെന്റിന്റെ മകന്‍ സോണറ്റ്. അപ്പച്ചനും മോനും കൂടിയിരുന്ന് സംസാരിക്കുന്നതു കേട്ടാല്‍ ആര്‍ക്കാണ് ചിരിപ്പിക്കാനുള്ള കഴിവ് കൂടുതല്‍ എന്ന് നമ്മള്‍ സംശയിച്ചു പോകും.
വിടപറഞ്ഞ ദിവസം മുതല്‍ ഇന്നസെന്റിന്റെ വീട്ടിലേക്കുള്ള സന്ദര്‍ശകരുടെ ഒഴുക്ക് ഇനിയും നിലച്ചിട്ടില്ല. ഗോവാ ഗവര്‍ണര്‍ ശ്രീധരന്‍പിള്ളയടക്കമുള്ള ഭരണകര്‍ത്താക്കളും രാഷ്ട്രീയക്കാരും കലാകാരന്മാരും വന്നുകൊണ്ടേയിരിക്കുന്നു. അവരോടൊക്കെ നന്ദിപറഞ്ഞും സ്നേഹം പങ്കിട്ടും ഉള്ളിലെ സങ്കടക്കടല്‍ ഒതുക്കി നില്‍ക്കുകയാണ് സോണറ്റ്.
ഞങ്ങള്‍ സംസാരിച്ചിരിക്കേ സോണറ്റിനെ ഫോണില്‍ ആരോ വിളിച്ചു. സംസാരിച്ചു തുടങ്ങിയപ്പോള്‍ സോണറ്റിന്റെ മുഖം വിഷാദപൂര്‍ണമാകുന്നത് ഞാന്‍ കണ്ടു. മറുതലയ്ക്കല്‍ നിന്ന് പറയുന്നതൊക്കെ സോണറ്റ് മൂളിക്കേള്‍ക്കുകയാണ്.
ഫോണ്‍വെച്ച് നിശ്ശബ്ദനായിരുന്ന സോണറ്റിനോട് വിളിച്ചത് ആരാണെന്ന് ഞാന്‍ ചോദിച്ചു. എന്നോടുപോലും ഇന്നസെന്റ് പറഞ്ഞിട്ടില്ലാത്ത ഒരു അനുഭവം സോണറ്റ് പങ്കുവെച്ചു.
എം.പി. ആയിരുന്ന കാലത്ത് ദുബായില്‍നിന്ന് അപരിചിതനായ ഒരാള്‍ ഇന്നസെന്റിനെ വിളിച്ചു. മുപ്പതുവര്‍ഷമായി അയാള്‍ ദുബായിലെ ജയിലില്‍ കഴിയുകയാണ്. ഒരു ചതിയില്‍പെട്ടതായിരുന്നു ആ മനുഷ്യന്‍. ഗള്‍ഫിലൊരു ജോലി സ്വപ്നംകണ്ട് ആരുടെയൊക്കെയോ കൈയുംകാലുംപിടിച്ച് വിസ സംഘടിപ്പിച്ച് ദുബായിലേക്കു പോകാന്‍ എയര്‍പോര്‍ട്ടിലെത്തിയ അയാളുടെ കൈയില്‍ ഒരു പരിചയക്കാരന്‍ ഒരു പൊതി ഏല്‍പ്പിച്ചു. ഗള്‍ഫിലെത്തിയാല്‍ തന്റെ സുഹൃത്ത് വന്ന് അത് വാങ്ങിക്കോളും എന്നാണയാള്‍ പറഞ്ഞത്. വിലകൂടിയ മയക്കുമരുന്നായിരുന്നു പൊതിയില്‍. ദുബായ് എയര്‍പോര്‍ട്ടിലെ പരിശോധനയില്‍ പിടിക്കപ്പെട്ടു. അന്ന് ജയിലിലായതാണ്. പിന്നെ പുറത്തിറങ്ങിയിട്ടില്ല. നീണ്ട മുപ്പതുവര്‍ഷങ്ങള്‍. അതിനിടയില്‍ അയാളുടെ രക്ഷിതാക്കള്‍ മരിച്ചു. മക്കളുടെ കല്യാണം കഴിഞ്ഞു. അതൊന്നും കാണാന്‍ അയാള്‍ക്ക് സാധിച്ചില്ല. പുറത്തിറക്കാന്‍ ആരുമില്ലായിരുന്നു. എം.പി. എന്ന നിലയ്ക്ക് എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചിട്ടാണ് അയാള്‍ വിളിച്ചത്.
വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞ് തന്റെ സെക്രട്ടറിയെക്കൊണ്ട് ഒരു നിവേദനം തയ്യാറാക്കി. അന്നത്തെ കേന്ദ്രമന്ത്രിയായിരുന്ന സുഷമാ സ്വരാജിനെ നേരിട്ടുകണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ച് ആ നിവേദനം കൊടുത്തു. സുഷമാസ്വരാജ് അത് ഗൗരവമായെടുത്തു. കേന്ദ്രതലത്തിലുള്ള ഇടപെടലുണ്ടായി. വൈകാതെ അയാള്‍ മോചിതനായി. നാട്ടിലെത്തിയ ഉടനെ അയാള്‍ ഇന്നസെന്റിനെ വന്നുകണ്ട് കണ്ണീരോടെ നന്ദി പറഞ്ഞു. കുറച്ചു മാസങ്ങള്‍ക്കു ശേഷം അയാള്‍ വീണ്ടും വിളിക്കുന്നു. ഇത്തവണ മറ്റൊരു സങ്കടമാണ് പറയാനുണ്ടായിരുന്നത്.
ജോലിയൊന്നും കിട്ടുന്നില്ല. പ്രായവും കുറച്ചായി. ജീവിക്കാന്‍ ലോട്ടറിക്കച്ചവടം ചെയ്താല്‍ കൊള്ളാമെന്നുണ്ട്. പക്ഷേ, ഇരുപതിനായിരം രൂപയെങ്കിലും ഉണ്ടെങ്കിലേ അത് തുടങ്ങാന്‍ പറ്റൂ. ആരോട് ചോദിച്ചാലാ കിട്ടുക? ആരോടും ചോദിക്കണ്ട. ഞാനയച്ചുതരാം എന്നുപറഞ്ഞു ഇന്നസെന്റ്. ഇന്നസെന്റ് കൊടുത്ത ഇരുപതിനായിരം രൂപയില്‍നിന്ന് അയാളും കുടുംബവും ജീവിതം തുടങ്ങി. അവസാനമായി ഒരുനോക്കുകാണാന്‍ ജനക്കൂട്ടത്തിനിടയില്‍ താനുമുണ്ടായിരുന്നു എന്നുപറഞ്ഞു അയാള്‍. കരച്ചില്‍കൊണ്ട് വാക്കുകള്‍ മുറിഞ്ഞിട്ടാണത്രേ ഫോണ്‍ വെച്ചത്.
നമ്മളോട് പറഞ്ഞിട്ടില്ലാത്ത നന്മയുടെ കഥകള്‍ ഇനിയുമുണ്ടാകാം. സ്വയം കളിയാക്കുന്ന കഥകളേ ഇന്നസെന്റ് പറയാറുള്ളൂ. കേള്‍ക്കുന്നവര്‍ക്ക് അതാണ് ഇഷ്ടമെന്ന് അദ്ദേഹത്തിനറിയാം.
പതിനെട്ടുവര്‍ഷം 'അമ്മ' എന്ന സംഘടനയെ നയിച്ച ആളാണ് ഇന്നസെന്റ്. സിനിമാമേഖലയിലെ എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. രൂക്ഷമായ വിമര്‍ശനങ്ങളെപ്പോലും ചിരിച്ചുകൊണ്ടാണ് ഇന്നസെന്റ് നേരിട്ടത്.
ഇന്നസെന്റ് എന്ന പേരിനെ കളിയാക്കിക്കൊണ്ട് ഒരിക്കല്‍ സുകുമാര്‍ അഴീക്കോട് പറഞ്ഞു: ''പേരിനും ആളിനും തമ്മില്‍ എന്തെങ്കിലും ഒരു യോജിപ്പ് വേണ്ടേ? ഇന്നസെന്റിന് അതില്ല.''
ഉടനെ വന്നു ഇന്നസെന്റിന്റെ മറുപടി: ''പക്ഷേ, സുകുമാര്‍ അഴീക്കോടിന് അദ്ദേഹത്തിന്റെ പേരുമായി നല്ല യോജിപ്പാണ്. ഇത്രയും സൗകുമാര്യമുള്ള ഒരു രൂപം ഞാന്‍ വേറെ കണ്ടിട്ടില്ല.''
അമല ആശുപത്രിയില്‍ അഴീക്കോടിനെ കാണാന്‍ ഇന്നസെന്റ് വന്നപ്പോള്‍ ഞാനുമുണ്ടായിരുന്നു കൂടെ.
ചിരിച്ചുകൊണ്ട് അഴീക്കോട് മാഷ് പറഞ്ഞു: ''ഇന്നസെന്റ് അതുപറഞ്ഞപ്പഴാ ഞാന്‍ കണ്ണാടി നോക്കിയത്. മറ്റേത് ഞാന്‍ തിരിച്ചെടുത്തു കേട്ടോ.''
''ഞാനും ഒരു നേരമ്പോക്കിന് പറഞ്ഞതല്ലേ മാഷേ'' എന്നുപറഞ്ഞ് ഇന്നസെന്റ് തികച്ചും ഇന്നസെന്റായിത്തന്നെ ചിരിച്ചു.
അഖിലിന്റെ 'പാച്ചുവും അത്ഭുതവിളക്കു'മാണ് ഇന്നസെന്റ് അഭിനയിച്ച അവസാനത്തെ ചിത്രം. അഖിലിനെയും അനൂപിനെയും വലിയ ഇഷ്ടമായിരുന്നു. പുതിയ തമാശകള്‍ തോന്നിയാല്‍ അവരെ വിളിച്ചാണ് ആദ്യം പറയുക.
''തന്റെ മക്കള്‍ക്ക് തമാശ കേട്ടാല്‍ പെട്ടെന്ന് മനസ്സിലാകും. അവരോട് മാറ്റുരച്ചിട്ടാണ് ഞാനതൊക്കെ പുറത്തുവിടുന്നത്.''
ആ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍വെച്ച് കണ്ടപ്പോള്‍ തമാശയായി ഇന്നസെന്റ് പറഞ്ഞു:
''ഇവനുണ്ടല്ലോ- ഈ അഖില്‍- അവന്‍ ഷൂട്ടിങ്ങിനോടൊപ്പം ലൈവായി ശബ്ദം റെക്കോഡ് ചെയ്യുന്നത് പിന്നീട് ഡബ്ബിങ്ങിന് എന്നെ കിട്ടിയില്ലെങ്കിലോ എന്ന് വിചാരിച്ചിട്ടാണ്.''
ഇത്രവേഗം വിടപറയേണ്ടിവരുമെന്ന് കരുതിയല്ല ഇന്നസെന്റ് അത് പറഞ്ഞത്. പക്ഷേ, ആ സിനിമയൊന്ന് കാണാന്‍ കാത്തുനില്‍ക്കാതെ അദ്ദേഹം പോയി. ആലീസിനോടും സോണറ്റിനോടുമൊക്കെ വീണ്ടും വരാം എന്നു പറഞ്ഞ് പാര്‍പ്പിടത്തിന്റെ പടിയിറങ്ങുമ്പോള്‍ വരാന്തയില്‍ ഇന്നസെന്റ് ചിരിച്ചുകൊണ്ട് നില്‍ക്കുന്നുണ്ടെന്ന് തോന്നി. തിരിഞ്ഞുനോക്കാതെ ഞാന്‍ കാറില്‍ കയറി.