വിവാദങ്ങള്‍ക്കിടെ രണ്ടാം പിണറായി സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക്; വൈകീട്ട് പ്രോഗ്രസ് കാർഡ് പുറത്തിറക്കും

വിവാദങ്ങൾക്കിടെ രണ്ടാം പിണറായി സർക്കാർ ഇന്ന് മൂന്നാം വർഷത്തിലേക്ക്. രണ്ടുവര്‍ഷത്തെ പ്രകടനം പറയുന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് വാര്‍ഷികാഘോഷത്തില്‍ മുഖ്യമന്ത്രി പുറത്തിറക്കും. വാഗ്ദാനങ്ങള്‍ നടപ്പാക്കിയ സര്‍ക്കാര്‍ മുന്നോട്ട് എന്നതാണ് എല്‍ഡിഎഫിന്റെ അവകാശവാദം. രണ്ട് വർഷത്തെ സർക്കാർ പ്രോഗ്രസ് കാർഡിൽ മുന്നിൽ പാത വികസനമാണ്. വടക്ക് നിന്നും തെക്ക് വരെ 6 വരി പാത നിർമ്മാണത്തിൻ്റെ പുരോഗതി അതിവേഗം. സ്ഥലമേറ്റെടുക്കൽ കടമ്പ മറികടക്കാനായത് വലിയ നേട്ടം. രണ്ട് വർഷം കൊണ്ട് ലൈഫ് മിഷനിൽ പൂർത്തിയായത് 50,650 വീടുകളാണ്.കരുതലിൻ്റെ പേരിലായിരുന്നു ഭരണത്തുടർച്ച, പക്ഷെ മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ നികുതികൾ കുത്തനെ കൂട്ടിയതിൻ്റെ ദുരിതത്തിലാണ് ജനം. ഇന്ധനസെസ്, വെള്ളക്കരംകൂട്ടൽ ഉടൻ കൂടുന്ന വൈദ്യുതി നിരക്കും ജനങ്ങള്‍ക്ക് ദുരിതമാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള സർക്കാർ നീക്കങ്ങളെല്ലാം കുടുംബ ബജറ്റിൻ്റെ താളം തെറ്റിക്കുന്നു.

അതേസമയം പ്രതിപക്ഷം ഇന്ന് സമരപാതയിലാണ്. ദുര്‍ഭരണം, ജനദ്രോഹം, അഴിമതി, നികുതിക്കൊള്ള ആരോപിച്ച് ഇന്ന് രാവിലെ മുതല്‍ യുഡിഎഫ് സെക്രട്ടേറിയറ്റ് വളയും. സര്‍ക്കാര്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് ഇറക്കുമ്പോള്‍ പ്രതിപക്ഷം കുറ്റപത്രം പുറത്തിറക്കും. ബിജെപി തലസ്ഥാനത്ത് രാപകല്‍ സമരത്തിലും.