ഭര്‍ത്താവിനും ഭാര്യയ്ക്കും ജോലി വാഗ്ദാനം ചെയ്ത് 8 ലക്ഷം തട്ടിയെടുത്തെന്ന പരാതിയില്‍ സഹ.സംഘം പ്രസിഡന്റിനെതിരെ വഞ്ചനാകുറ്റത്തിന് കേസ്

കേരള ട്രഡീഷനല്‍ ഫുഡ് പ്രോസസിങ് ആന്റ് ഡിസ്ട്രിബ്യൂഷന്‍ ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ( കെടിഎഫ്‌ഐസിഎസ് ) പ്രസിഡന്റിനെതിരെ പോത്തന്‍കോട് പൊലീസ് കേസെടുത്തു. സൊസൈറ്റി പ്രസിഡന്റ് ചിറയിന്‍കീഴ് കൂന്തള്ളൂര്‍ കൊല്ലംവിളാകത്ത് എസ്. സജിത് കുമാറിനെതിരെ വഞ്ചനാ കുറ്റത്തിനാണ് കേസ്. പോത്തന്‍കോട് തച്ചപ്പള്ളി മംഗലത്തുനട രഞ്ജിത്ത് ഭവനില്‍ രജിത്തിന്റെ ഭാര്യ രേവതി ആര്‍. നായര്‍ ആണ് പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കും ഇതു സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.

ജോലിക്കുവേണ്ടി നല്‍കിയ ലക്ഷങ്ങള്‍ തിരികെ കിട്ടാതായതില്‍ മനംനൊന്ത് രേവതിയുടെ ഭര്‍ത്താവ് രജിത്ത് ( 37 ) കഴിഞ്ഞ മാര്‍ച്ച് 19 ന് ജീവനൊടുക്കിയിരുന്നു. മൃതദേഹത്തില്‍ നിന്നു കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ സൊസൈറ്റി പ്രസിഡന്റ് സജിത്കുമാറിന്റെ പേരും നല്‍കിയ തുകയും പറയുന്നുണ്ട്. അവസാന നിമിഷം വരെ ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലും വശ്വാസത്തിലുമായിരുന്നു രജിത്ത്. ആറ്റിങ്ങല്‍ കേന്ദ്രമായുള്ള കെടിഎഫ്‌ഐസിഎസ് എന്ന സ്ഥാപനത്തില്‍ ജോലി നല്‍കാമെന്നു പറഞ്ഞ് രജിത്തില്‍ നിന്നും 2019 ജൂലായില്‍ 3 ലക്ഷവും അതിനു ശേഷം 5 ലക്ഷവും സജിത്ത് വാങ്ങിയെന്നും പരാതിയില്‍ പറയുന്നു.