പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം: പ്രതി അറസ്റ്റില്‍

തൊട്ടടുത്തുള്ള അമ്മൂമ്മയുടെ വീട്ടിലേക്കു നടന്നുപോയ പതിനാലുകാരിയെ കടന്നു പിടിച്ചു ലൈംഗികാതിക്രമത്തിനു ശ്രമിച്ച വെട്ടൂര്‍ വെണ്ണിയോട് പുത്തന്‍വീട്ടില്‍ സന്തോഷിനെ(32) വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം രാത്രി 8 മണിയോടെയാണ് സംഭവം. ഇടവഴിയിലൂടെ നടന്നുവരുന്നതിനിടെയാണ് പെണ്‍കുട്ടിയെ സന്തോഷ് കടന്നുപിടിക്കുകയും ഉപദ്രവിക്കുകയും ചെയ്തത്. പെണ്‍കുട്ടിയുടെ നിലവിളി കേട്ടു നാട്ടുകാര്‍ ഓടി കൂടുന്നതിനിടെ സന്തോഷ് രക്ഷപ്പെട്ടെങ്കിലും തുടര്‍ന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രാത്രി തന്നെ പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തു. പെണ്‍കുട്ടി തിരിച്ചറിഞ്ഞതോടെ പ്രതിയെ പോക്‌സോ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.