ട്രെയിൻ ടിക്കറ്റ് ട്രാൻസ്ഫർ ചെയ്യാം; യാത്രക്കാർക്ക് ആശ്വസിക്കാം, ഇനി പണം നഷ്ടമാകില്ല

ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രയ്ക്കുള്ള മുന്നൊരുക്കങ്ങൾ നടത്തിയാൽപ്പോലും പലവിധ കാരണങ്ങൾകൊണ്ട് യാത്രകൾ മാറ്റിവെയ്ക്കേണ്ടതായി വരും. അത്തരം സന്ദർഭങ്ങളിൽ നഷ്ടം സഹിച്ച് ടിക്കറ്റ് ക്യാൻസൽ ചെയ്യുകയാണ് പതിവ്. എന്നാൽ ഇതിന് പരിഹാരമെന്നോളം ബുക്ക് ചെയ്ത ടിക്കറ്റിൽ മറ്റൊരാൾക്ക് യാത്രചെയ്യാനുള്ള സൗകര്യമൊരുക്കുകയാണ് ഇന്ത്യൻ റെയിൽവെ. അതായത് ഏതെങ്കിലും കാരണത്താൽ ടിക്കറ്റ്ബുക്ക് ചെയ്ത വ്യക്തിക്ക് യാത്ര ചെയ്യാൻ സാധിക്കാതെ വന്നാൽ മറ്റൊരാൾക്ക് ആ ടിക്കറ്റിൽ യാത്ര ചെയ്യാം. ടിക്കറ്റ് മറ്റൊരാൾക്ക് കൈമാറാവുന്ന രീതി പലർക്കും ഉപകാരപ്രദമാകും. ഇതുവഴി ടിക്കറ്റ് റദ്ദാക്കുമ്പോഴഉുള്ള പിഴ ഒഴിവാക്കാനും പണം ലാഭിക്കാനും സാധിക്കും.

കുടുംബാംഗങ്ങൾക്ക് കൈമാറാം

ഒരു യാത്രക്കാരന് തന്റെ കയ്യിലുള്ള കൺഫേം ടിക്കറ്റ് പിതാവ്, അമ്മ, സഹോദരൻ, സഹോദരി, മകൻ, മകൾ, ഭർത്താവ്, ഭാര്യ എന്നിങ്ങനെ കുടുംബത്തിലെ മറ്റേതെങ്കിലും അംഗത്തിന്റെ പേരിലേക്ക് മാറ്റാം. ഇതിനായി ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് യാത്രക്കാരൻ അപേക്ഷ നൽകണം. ഇതിനുശേഷം, ടിക്കറ്റിൽ യാത്രക്കാരന്റെ പേര് മാറ്റി, ടിക്കറ്റ് ട്രാൻസ്ഫർ ചെയ്യുന്ന അംഗത്തിന്റെ പേര് ചേർക്കേണ്ടതുണ്ട്. ടിക്കറ്റ് കൈമാറാൻ സാധിക്കുന്നത് കുടുംബാംഗത്തിന് മാത്രമാണ് എന്നത് ഓർമവേണം.

മുൻകൂട്ടി അപേക്ഷിക്കണം

ടിക്കറ്റ് കൈമാറണമെങ്കിൽ ട്രെയിൻ പുറപ്പെടുന്നതിന് മുൻപ് അപേക്ഷ നൽകേണ്ടതാണ്. ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ദീർഘദൂര തീവണ്ടികളാണെങ്കിൽ തീവണ്ടി പുറപ്പെടുന്ന ദിവസവും, യാത്രികരുടെ യാത്രാതീയ്യതിയും വ്യത്യസ്തമായിരിക്കും എന്നത് ശ്രദ്ധിച്ച് വേണം അപേക്ഷ നൽകാൻ. ഒരു വ്യക്തിക്ക് ഒരു ഒരു തവണ മാത്രമേ ടിക്കറ്റ് മറ്റൊരാൾക്കായി മാറ്റാൻ കഴിയുകയുള്ളു.

എന്നാൽ യാത്രക്കാരൻ ഒരു സർക്കാർ ജീവനക്കാരനാണെങ്കിൽ ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപ് അപേക്ഷിച്ചാൽ മതിയാകും.വിവാഹം, പോലുളള കാരണത്താൽ ടിക്കറ്റ് കൈമാറ്റം ചെയ്യുന്നവരാണെങ്കിൽ ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂർ മുൻപ് ടിക്കറ്റുമായി അപേക്ഷ സമർപ്പിക്കണം.ഓൺലൈനായും ഈ സൗകര്യം ലഭിക്കും. എൻസിസി കേഡറ്റുകൾക്കും ട്രാൻസ്ഫർ സേവനആനുകൂല്യങ്ങൾ ലഭിക്കും 

ട്രെയിൻ ടിക്കറ്റ് എങ്ങനെ ട്രാൻസ്ഫർ ചെയ്യാം

ആദ്യം ടിക്കറ്റിന്റെ പ്രിന്റ് ഔട്ട് എടുത്ത് അടുത്തുള്ള റെയിൽവേ സ്റ്റേഷന്റെ റിസർവേഷൻ കൗണ്ടർ സന്ദർശിക്കുക.ടിക്കറ്റ് കൈമാറാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ ആധാർ അല്ലെങ്കിൽ വോട്ടിംഗ് ഐഡി കാർഡ് പോലുള്ള ഐഡി പ്രൂഫ് കൈവശം വയ്ക്കണം.. ഇവ ചേർത്ത് റിസർവേഷൻ കൗണ്ടറിൽ ടിക്കറ്റ് കൈമാറ്റത്തിനായി അപേക്ഷിച്ചാൽ മതിയാകും.