‘അന്ന് വിരാട് കോലിയെങ്കിൽ ഇന്ന് ഗിൽ’ ഇന്ത്യന്‍ ക്രിക്കറ്റില്‍ തലമുറമാറ്റത്തിന്‍റെ പുതിയ മുഖമാകുന്നു; പൃഥ്വിരാജ്

ഗുജറാത്ത് ടൈറ്റൻസ് താരം ശുഭ്മാന്‍ ഗില്ലിനെ പ്രശംസിച്ച് നടന്‍ പൃഥ്വിരാജ്. 2012 ലെ ഓസ്‌ട്രേലിയൻ പരമ്പരയിൽ ശ്രീലങ്കൻ ഇതിഹാസം മലിംഗയെ ബാറ്റിലൂടെ തകർത്ത 23 കാരൻ വിരാട് കോലിക്ക് പകരക്കാരനായി ഇപ്പോൾ മറ്റൊരു 23കാരന്‍ ശുഭ്മാന്‍ ഗില്‍ എത്തിയിരിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ തലമുറമാറ്റത്തിന്‍റെ പുതിയ മുഖമാകുന്നുവെന്ന് പൃഥ്വിരാജ് കുറിച്ചു
ലസിത് മലിംഗയെന്ന ശ്രീലങ്കന്‍ ഇതിഹാസത്തെ തല്ലിത്തകര്‍ത്ത് അവതരിച്ച 23കാരന്‍ വിരാട് കോലിയെപ്പോലെ മറ്റൊരു 23കാരന്‍ ശുഭ്മാന്‍ ഗില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ തലമുറമാറ്റത്തിന്‍റെ പുതിയ മുഖമാകുന്നു’- പൃഥ്വി ട്വിറ്ററില്‍ കുറിച്ചു.2012ല്‍ ഓസ്ട്രേലിയൻ പരമ്പരയില്‍ 40 ഓവറില്‍ 321 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്കായി 133 റണ്‍സടിച്ച കോലി മലിംഗയുടെ ഒരോവറില്‍ 24 റണ്‍സടിച്ച് ഇന്ത്യയെ അവിശ്വസനീയ ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തി ഫൈനലില്‍ എത്തിച്ചു. ആ ഇന്നിംഗ്‌സിനെ പറ്റിയായിരുന്നു പൃഥ്വിയുടെ ട്വീറ്റ്..അതേസമയം ഐപിഎൽ ഈ സീസണില്‍ മൂന്ന് സെ‌ഞ്ചുറികള്‍ ഗില്‍ നേടിക്കഴിഞ്ഞു. ഇന്നലത്തെ സെഞ്ചുറിയോടെ ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിന്‍റെ തലയില്‍ ഓറഞ്ച് ക്യാപ്പ് സുരക്ഷിതം. ഇതിനകം ഗില്ലിന്‍റെ റണ്‍വേട്ട 820 പിന്നിട്ടുകഴിഞ്ഞു.

ഗുജറാത്ത് ടൈറ്റന്‍സ് ഫൈനലില്‍ കടന്നാല്‍ ഗില്ലിന്‍റെ റണ്‍ സമ്പാദ്യം ഇനിയും ഉയരും. സീസണിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ 14 മത്സരങ്ങളില്‍ 730 റണ്‍സുമായി മുന്നിലുണ്ടായിരുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം ഫാഫ് ഡുപ്ലസിസിന്‍റെ റെക്കോര്‍ഡാണ് ഗില്‍ മറികടന്നത്.