കല്ലമ്പലം : ദേശീയപാതയിൽ കല്ലമ്പലം പോലീസ് സ്റ്റേഷന് സമീപം രാത്രിയിൽ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ്സിന്റെ മുൻവശത്തെ ചില്ല് അജ്ഞാതൻ എറിഞ്ഞു പൊട്ടിച്ചു!
അപ്രതീക്ഷിതമായ ആക്രമണത്തിൽ പകച്ചുപോയ ഡ്രൈവർ ബസ് ഉടൻ തന്നെ റോഡിൽ ചവിട്ടി നിർത്തി. ആഴാംകോണം ജംഗ്ഷനിൽ റോഡിൽ നിറയെ ബസ്സിന്റെ ക്ലാസിന്റെ ചില്ലുകൾ വീണു ചിതറി. ഇന്ന് രാത്രി 10 മണിയോടെയായിരുന്നു സംഭവം.റോഡിൽ കൂടി നടന്നു പോയ ആൾ അപ്രതീക്ഷിതമായി വലിയ കല്ലെടുത്ത് ബസ്സിന്റെ മുൻ ഗ്ലാസിൽ എറിയുകയായിരുന്നു. ഉടൻതന്നെ ബസ്സിലെ ഡ്രൈവറും കണ്ടക്ടറും സമീപത്തുള്ള കല്ലമ്പലം പോലീസ് സ്റ്റേഷനിൽ എത്തി വിവരം അറിയിച്ചു. കല്ലേറിനെ തുടർന്ന് റോഡിൽ ചിതറിവീണ ഗ്ലാസിന്റെ ചില്ലുകൾ നാവായിക്കുളത്ത് നിന്നും ഫയർഫോഴ്സ് എത്തി വെള്ളം ചീറ്റി മാറ്റുകയുണ്ടായി. തിരുവനന്തപുരത്തു നിന്നും പാലക്കാടിന് പോവുകയായിരുന്ന സൂപ്പർ ഡീലക്സ് ബസിന് നേർക്കാണ് അജ്ഞാതന്റെ ആക്രമണം ഉണ്ടായത്. ബസ്സിലെ യാത്രക്കാരെ ഡ്രൈവറും കണ്ടക്ടറും കൂടി കെഎസ്ആർടിസിയുടെ തന്നെ ദീർഘദൂര ബസുകളിൽ കയറ്റി വിട്ടു.കല്ലെടുത്ത് എറിഞ്ഞ ആളിനെ കുറിച്ച് വിവരം ലഭ്യമായിട്ടില്ല. ഡ്രൈവറുടെ പരാതിയിൽ കല്ലമ്പലം പോലീസ് കേസെടുത്തു.