പ്രതീക്ഷയോടെ കോൺഗ്രസ്, ആത്മവിശ്വാസം കൈവിടാതെ ബിജെപി; കർണാടകയിൽ നാളെ വോട്ടെണ്ണൽ

ബെംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ നാളെ. ഇത്തവണ റെക്കോഡ് പോളിംഗ് ശതമാനമാണ് കർണാടകയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ 73.19 ശതമാനമായിരുന്നു പോളിംഗ്. 1952ന് ശേഷമുള്ള ഏറ്റവുമുയർന്ന പോളിംഗ് ശതമാനമാണിത്. കഴിഞ്ഞ തവണ ഇത് 72.45 ആയിരുന്നു പോളിംഗ്. ബെംഗളൂരു നഗരമേഖലയിലാണ് ഇത്തവണയും ഏറ്റവും കുറവ് പോളിംഗ്. 55% പേരേ ഇത്തവണയും വോട്ട് ചെയ്യാനെത്തിയുള്ളൂ. 

വോട്ടെടുപ്പിന് ശേഷം പത്ത് എക്സിറ്റ് പോൾ ഫലങ്ങളാണ് പുറത്ത് വന്നത്. ഇതിൽ അഞ്ചും കർണാടകയിൽ തൂക്ക് നിയമസഭയാകും എന്ന് പ്രവചിക്കുന്നത്. ഇതിൽ നാലെണ്ണം കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും എന്നാണ് പറയുന്നത്. ഒരു എക്സിറ്റ് പോൾ സർവേ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് പറയുന്നു. നാല് എക്സിറ്റ് പോൾ ഫലങ്ങൾ കോൺഗ്രസിന് അധികാരം പ്രവചിക്കുന്നു. ന്യൂസ് നേഷൻ സർവേ മാത്രമാണ് ബിജെപി കേവലഭൂരിപക്ഷം നേടി അധികാരത്തിൽ വരുമെന്ന് പ്രവചിക്കുന്നത്.