പഴയ ഫോൺ തന്നെ മതി, മെസേജ് അയക്കാൻ കഴിയണം, സിം ഇട്ട് ആക്റ്റീവാക്കി ചാർജും ചെയ്ത് തരണം´: ഫോൺ ആവശ്യപ്പെട്ടത് രാഖിശ്രീയെന്ന് കത്തുകൾ, ഫോൺ വാങ്ങിയത് അർജുൻ വിദേശത്തു പോകുമ്പോൾ സംസാരിക്കാൻ

ചിറയിൻകീഴ് സ്വദേശിനിയും പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായ രാഖിശ്രീ (16)യുടെ ആത്മഹത്യ സംബന്ധിച്ചുള്ള ദുരൂഹതയ്ക്ക് ഇതുവരെ പരിസമാപ്തിയായിട്ടില്ല. രാഖിശ്രീയുടെ മരണം സംബന്ധിച്ച് ആരോപണ വിധേയനായ അർജുൻ്റെ (28) കുടുംബം പെൺകുട്ടിയുടെ കുടുംബത്തിനെതിരെ രംഗത്തെത്തിയിരുന്നു. അർജുനും രാഖിശ്രീയും തമ്മിൽ പ്രണയത്തിലായിരുന്നു എന്നും പെൺകുട്ടിയെ അർജുൻ ശല്യം ചെയ്തിട്ടില്ലെന്നും യുവാവിൻ്റെ കുടുംബം വെളിപ്പെടുത്തി. ഏകദേശം ഒരുവർഷമായി ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നുള്ള വെളിപ്പെടുത്തലാണ് അർജുൻ്റെ കുടുംബം നടത്തിയത്. അതേസമയം പെൺകുട്ടി ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവുമുണ്ടായിരുന്നില്ലെന്നാണ് പെൺകുട്ടിയുടെ വീട്ടുകാരും പറയുന്നത്. മരണത്തിനു തൊട്ടുമുൻപു വരെ എല്ലാപേരോടും ചിരിച്ചു കളിച്ച് ഇടപെട്ട് നടന്നിരുന്ന പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയുണ്ടെന്നു തന്നെയാണ് രാഖിശ്രീയുടെ വീട്ടുകാരും നാട്ടുകാരും പറയുന്നത്. അതേസമയം രാഖിശ്രീയുടെ മരണവും അതിനെത്തുടർന്ന് അർജുനെതിരെയുയർന്ന ആരോപണവും സംബന്ധിച്ച് മറ്റുചില വെളിപ്പെടുത്തലുകളുമായി അർജുൻ്റെ സഹോദരിയും രംഗത്തെത്തി. മരിക്കുന്നതിനു തൊട്ടു മുമ്പ് രാഖിശ്രീ തൻ്റെ സഹോദരനു മെസേജ് അയച്ചിരുന്നുവെന്ന് അവർ വെളിപ്പെടുത്തി. സഹോദരനും രാഖിശ്രീയും തമ്മിലുള്ള പ്രണയം നല്ല രീതിയിലുള്ളതായിരുന്നുവെന്നും അവർ പറഞ്ഞു. പ്രണയം ആരംഭിച്ച് മൂന്നു മാസങ്ങൾക്കു ശേഷമാണ് തൻ്റെ സഹോദരൻ രാഖിശ്രീക്ക് ഫോൺ നൽകയതെന്നും പെൺകുട്ടി പറയുന്നു. അർജുൻ വിദേശത്തേക്ക് പോകാനിരിക്കുകയായിരുന്നു. വിദേശത്തു നിന്ന് വിളിച്ച് സംസാരിക്കാൻ വേണ്ടിയാണ് ഫോൺ കെെമാറിയതെന്നും അവർ പറഞ്ഞു. ഫോൺ വേണമെന്ന് ആവശ്യപ്പെട്ട് രാഖിശ്രീ അർജുന് കത്ത് എഴുതിയിരുന്നു. അതിൻ്റെ അടിസ്ഥാനത്തിലാണ് ഫോൺ വാങ്ങി നൽകിയത്. അതേസമയം തൻ്റെ സഹോദരൻ ഒരിക്കലും ഫോൺ വാങ്ങണമെന്ന് പറഞ്ഞ് രാഖിശ്രീയെ നിർബന്ധിച്ചിട്ടില്ലെന്നും അവർ പറയുന്നു. ഇതുസംബന്ധിച്ച് കത്തിൽ രാഖിശ്രീ എഴുതിയിരിക്കുന്ന വിവരങ്ങളും അർജുൻ്റെ സഹോദരി പങ്കുവച്ചു. ഏട്ടാ, പുതിയ ഫോൺ വാങ്ങാൻ നിക്കേണ്ട. ആ ഫോൺ തന്നെ മതിയെന്ന് കത്തിൽ എഴുതിയിരിക്കുന്നുവെന്നും അർജുൻ്റെ വീട്ടുകാർ ചൂണ്ടിക്കാട്ടുന്നു. എനിക്ക് ടെക്സ്റ്റ് മെസേജ് ഇടാൻ പറ്റണ ഫോൺ മതിയെന്നും ഫോണിൽ സിം ഇട്ട് ആക്ടീവ് ആക്കി തരണമെന്നും കത്തിൽ പറഞ്ഞിരിക്കുന്നു. ചാർജും ചെയ്യണമെന്നും കത്തിൽ പറയുന്നുണ്ടെന്നും അർജുൻ്റെ സഹോദരി ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം രാഖിശ്രീയുടെ മരണത്തിൽ നിന്ന് മാതാപിതാക്കൾ ഇതുവരെ കരകയറിയിട്ടില്ല. രാഖിശ്രീയുടെ മരണത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്നു തന്നെയാണ് അവർ ഇപ്പോഴും കരുതുന്നത്. റിസൾട്ട് വന്ന ദിവസം വളരെ സന്തോഷവതി ആയിരുന്നു രാഖിശ്രീ. അയൽക്കാർക്കും കൂട്ടുകാർക്കുമൊക്കെ വിജയം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി ലഡു ഉൾപ്പെടെ പെൺകുട്ടി വിതരണം ചെയ്തിരുന്നു. പിറ്റേദിവസം സ്കൂളിൽ എത്തിയ പെൺകുട്ടി ടീച്ചർമാരെ കാണുകയും അവർക്ക് മധുരം വിതരണം ചെയ്യുകയും ചെയ്തു. തുടർന്ന് അധ്യാപകരുമായി ഫോട്ടോയും എടുത്തു. അതിനുശേഷം വീട്ടിലെത്തിയ പെൺകുട്ടി വൈകുന്നേരം അഞ്ചുമണിയായപ്പോൾ അമ്മയോട് കുളിക്കാൻ പോവുകയാണെന്ന് പറഞ്ഞു. `മോളു പോയി കുളിച്ചിട്ടു വാ´ എന്നു പറഞ്ഞ് അമ്മ മുറ്റമടിക്കാൻ പോയി. മുക്കാൽ മണിക്കൂർ കഴിഞ്ഞിട്ടും പെൺകുട്ടി കുളിച്ചിട്ടു വരാത്തതിനെ തുടർന്നാണ് മാതാവ് കുളിമുറിയിൽ ചെന്ന് നോക്കിയത്. ഈ സമയത്താണ് കിണറിൽ കെട്ടുന്ന പ്ലാസ്റ്റിക് കയറി പെൺകുട്ടി തൂങ്ങി നിൽക്കുന്നത് കണ്ടത്. ഉടൻതന്നെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.വളരെ സന്തോഷവതിയായിരുന്നു പെൺകുട്ടിയെന്നും അതിനിടയിലാണ് മരണം നടന്നതെന്നും വീട്ടുകാർ പറയുന്നു ഇതിനിടയിൽ എന്താണ് സംഭവിച്ചതെന്നാറിയില്ല. യുവാവിനെ ചോദ്യം ചെയ്യുകയും ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയും ചെയ്താൽ രാഖിശ്രീയുടെ മരണത്തിൻ്റെ യഥാർത്ഥ കാരണം അറിയാൻ കഴിയുമെന്നാണ് പെൺകുട്ടിയുടെ വീട്ടുകാരുടെ വാദം. ആത്മഹത്യയ്ക്കു പിന്നിൽ തക്കതായ കാരണങ്ങളുണ്ടെന്നു തന്നെകയാണ് വീട്ടുകാർ കരുതുന്നതും